manoj-soni

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) ചെയർപേഴ്‌സൺ ഡോ. മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ അഞ്ചു വർഷം ശേഷിക്കെയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി.

സാമൂഹ്യ-മത പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. രണ്ടാഴ്‌ച മുമ്പ് നൽകിയ രാജിക്കത്ത് കേന്ദ്ര പഴ്സണൽ മന്ത്രാലയം സ്വീകരിച്ചിട്ടില്ല. ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കർ വിവാദവുമായി രാജിക്ക് ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2023 മേയ് 16നാണ് മനോജ് സോണി യു.പി.എസ്.സി ചെയർപേഴ്സണായി ചുമതലയേറ്റത്. 2017- 2023ൽ യു.പി.എസ്.സി അംഗമായിരുന്നു. രണ്ട് സർവകലാശാലകളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു. 2005ൽ ബറോഡ മഹാരാജ സയാജിറാവു സർവകലാശാലയിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി നിയമനം.