ന്യൂഡൽഹി: ഇന്ത്യയുടെ പൈതൃകം വെറും ചരിത്രമല്ല, ശാസ്ത്രം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ 46-ാമത് ആഗോള പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. യുനെസ്കോ ഡയറക്ടർ ജനറൽ ഓദ്റെ ആസോലെ സന്നിഹിതയായിരുന്നു. പൈതൃക സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ നാഗരികതയുടെ ചരിത്രം പൊതുധാരണയേക്കാൾ വിശാലമാണെന്നും കൂട്ടിച്ചേർത്തു. ഈ മാസം 31 വരെയാണ് വേൾഡ് ഹെറിറ്റേജ് കമ്മിറ്രി. എക്സിബിഷനിൽ വിദേശത്തു നിന്ന് രാജ്യത്ത് തിരികെയെത്തിച്ച വിവിധ കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്നുണ്ട്.
മോദിയുടെ നേതൃപാടവം രേഖപ്പെടുത്തി 'പവർ വിത്തിൻ' പുസ്തകം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ അടിസ്ഥാനമാക്കി എഴുതിയ 'പവർ വിത്തിൻ' പുസ്തകം ഇന്നലെ രചയിതാവായ ഡോ.ആർ. ബാലസുബ്രഹ്മണ്യം, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് സമ്മാനിച്ചു. കേന്ദ്രസർക്കാരിന്റെ കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷനിലെ എച്ച്.ആർ അംഗമാണ് ഡോ.ആർ. ബാലസുബ്രഹ്മണ്യം. പുസ്തകം നരേന്ദ്രമോദിയുടെ നേതൃഗുണങ്ങളെ വിവരിക്കുന്നതാണ്. പാശ്ചാത്യ - ഇന്ത്യൻ ധാരകളുടെ കണ്ണിലൂടെ മോദിയുടെ നേതൃത്വപരമായ ജീവിതയാത്രയെ അനാവരണം ചെയ്യുന്നു. പൊതുസേവകർക്കുള്ള പ്രചോദനമെന്ന നിലയ്ക്കാണ് പുസ്തകത്തിന്റെ രചന. രാജ്യാന്തര തലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ മോദി നടത്തിയ പ്രവർത്തനങ്ങളുടെ കയ്യൊപ്പാണ് പുസ്തകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രതികരിച്ചു.