ന്യൂഡൽഹി: നീറ്റ് യു.ജി ഫിസിക്സിലെ 19-ാമത്തെ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപ് അറിയിക്കാൻ ഡൽഹി ഐ.ഐ.ടിക്ക് സുപ്രീംകോടതി നിർദ്ദേശം. ഇത്തവണ മുഴുവൻ മാർക്കും 61 വിദ്യാർത്ഥികൾ നേടി. അതിൽ 44 പേർക്ക് ഈ ചോദ്യത്തിന് ഗ്രേസ് മാർക്ക് കിട്ടിയതു കൊണ്ടാണ് മുഴുവൻ മാർക്കും കിട്ടിയതെന്ന് നിരീക്ഷിച്ചാണ് നിർദ്ദേശം.
ഡൽഹി ഐ.ഐ.ടി ഡയറക്ടർ മൂന്ന് വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ചാണ് ഉത്തരം കൈമാറേണ്ടത്. എൻ.സി.ഇ.ആർ.ടി ലേറ്റസ്റ്റ് എഡിഷൻ പാഠപുസ്തകമാണ് പഠിക്കേണ്ടതെന്ന് എൻ.ടി.എ നിർദ്ദേശിച്ചിരുന്നെന്ന് ഒരുവിഭാഗം വിദ്യാർത്ഥികൾ ഇന്നലെ കോടതിയെ അറിയിച്ചു. അതുപ്രകാരം ഓപ്ഷൻ നമ്പർ നാലാണ് ശരിയുത്തരം. പഴയ സിലബസ് പ്രകാരമാണെങ്കിൽ ഓപ്ഷൻ നമ്പർ രണ്ടും. ഇവയിൽ ഏത് ഉത്തരമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മാർക്ക് നൽകാൻ എൻ.ടി.എ തീരുമാനിച്ചു. ആശയക്കുഴപ്പം കാരണം ഉത്തരമെഴുതാത്തവർക്ക് തിരിച്ചടിയുമായി.
ഏതെങ്കിലും ഒരു ഓപ്ഷൻ മാത്രമേ ശരിയുത്തരമായി തിരഞ്ഞെടുക്കാൻ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് എൻ.ടി.എയുടെ ഈ ഒറ്ര നടപടിയിലൂടെ ഗുണം കിട്ടിയതെന്ന് ആശങ്കയും പ്രകടിപ്പിച്ചു.
മുതിർന്നവർ ഉപയോഗിച്ച പഴയ പുസ്തകം പഠിച്ച ദരിദ്ര കുട്ടികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷൻ നമ്പർ രണ്ടിനും മാർക്ക് നൽകാൻ തീരുമാനമെടുത്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. വാദം ഇന്നും തുടരും.
നീറ്റ് ചോർച്ച മേയ് 4ന് മുൻപ്
നടന്നിരിക്കാം: സുപ്രീംകോടതി
എം.പി. പ്രദീപ്കുമാർ
ബാക്കപ്പ് ചോദ്യപേപ്പറും നൽകി
ന്യൂഡൽഹി: നീറ്റ് നടന്ന മേയ് അഞ്ചിന് രാവിലെ 8.02നും 9.23നും ഇടയിലാണ് ചോർച്ചയുണ്ടായതെന്ന സോളിസിറ്റർ ജനറലിന്റെ വാദത്തിൽ ഇന്നലെ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. ബീഹാർ പൊലീസിന്റെ കേസ് രേഖകൾ പരിശോധിക്കുമ്പോൾ നാലാം തീയതിക്കു മുൻപേ ചോർച്ച നടന്നെന്ന സൂചനയാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
നാലാം തീയതി രാത്രിയാണ് ചോർച്ചയുണ്ടായതെങ്കിൽ ചോദ്യപേപ്പർ പരീക്ഷാ സെന്ററിലേക്ക് കൊണ്ടു പോകുന്ന വഴിക്കായിരിക്കില്ല ക്രമക്കേട്. ബാങ്കിലെ സ്ട്രോംഗ് റൂമിൽ നിന്നായിരിക്കുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
ചോദ്യപേപ്പറിന്റെ ഒരു സെറ്റ് എസ്.ബി.ഐയിലും മറ്റൊന്ന് ബാക്കപ്പായി കനറാ ബാങ്കിലുമാണ് സൂക്ഷിച്ചത്. എസ്.ബി.ഐയിലുള്ളതാണ് സെന്ററുകളിൽ നൽകേണ്ടിയിരുന്നത്. എന്നാൽ ചില കേന്ദ്രങ്ങളിൽ കനറാ ബാങ്കിൽ സൂക്ഷിച്ചിരുന്നവ വിതരണം ചെയ്തെന്ന് ഹർജിക്കാർ അറിയിച്ചു. ഇത്തരത്തിൽ പരീക്ഷ നടന്ന ഹരിയാനയിലെ ജജ്ജറിൽ അസാധാരണ വിജയമുണ്ടായി. ഇതിൽ കേന്ദ്രസർക്കാർ, എൻ.ടി.എ എന്നിവരിൽ നിന്ന് ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. ഏതെല്ലാം സെന്ററുകളിൽ ബാക്ക് അപ്പ് ചോദ്യപേപ്പർ വിതരണം ചെയ്തു, മാറിപ്പോയത് മനസിലാക്കി എസ്.ബി.ഐ ചോദ്യപേപ്പർ എത്രയിടത്ത് വീണ്ടും നൽകി തുടങ്ങിയവ അറിയിക്കണം.
പ്ലസ് ടുവിൽ തോറ്റു
നീറ്റിൽ 705 മാർക്ക്
ഗുജറാത്തിലെ ഒരു വിദ്യാർത്ഥിനി കർണാടക ബെലഗാവി സെന്ററിൽ പരീക്ഷയെഴുതി 705 മാർക്ക് നേടി. എന്നാൽ, പ്ലസ് ടു പരീക്ഷയിൽ തോറ്രെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്കായ 164 നേടിയ 13 ലക്ഷം വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടു.