n

ന്യൂഡൽഹി: ബീഹാറിന് പ്രത്യേക പദവി എന്ന ആവശ്യം പരിഗണിക്കില്ലെന്ന സൂചന കേന്ദ്രം നൽകിയതോടെ,​ ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന് തിരിച്ചടിയായി. 16 എം.പിമാരുമായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ നിലനിൽപ്പിൽ നിർണായക പങ്ക് വഹിക്കുന്ന പാർട്ടിയാണ് ജെ.ഡി.യു.

ദേശീയ വികസന കൗൺസിൽ(എൻ.ഡി.സി) മാനദണ്ഡപ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന് 2012ൽ മന്ത്രിതല സമിതി കണ്ടെത്തിയെന്ന് ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
നിതീഷ്‌കുമാറും സംസ്ഥാനത്തു നിന്നുള്ള മറ്റൊരു പ്രധാന പാർട്ടിയായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും(എൽ.ജെ.പി) പ്രത്യേക പദവി എന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിലും ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ആരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ ബി.ജെ.പി നിലപാടറിയിച്ചത്.

ബീഹാറിലെ ജഞ്ജർപൂരിൽ നിന്നുള്ള ജെ.ഡി.യു എം.പി രാംപ്രിത് മണ്ഡലിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി പ്രത്യേക പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയത്. ഇന്നത്തെ ബഡ്‌ജറ്റിൽ പ്രത്യേക പദവി തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എൽ.ജെ.പി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രത്യേക പദവി

കിട്ടാൻ

1 ചില സവിശേഷതകൾ പരിഗണിച്ചാണ് സംസ്ഥാനങ്ങൾക്ക് ദേശീയ വികസന കൗൺസിൽ പ്രത്യേക സാമ്പത്തിക പാക്കേജിന് അർഹതയുള്ള കാറ്റഗറി പദവി അനുവദിക്കുന്നത്

2 കുന്നുകൾ നിറഞ്ഞ ദുഷ്‌കരമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത,​ കൂടുതൽ ഗോത്രവർഗ സാന്നിദ്ധ്യം,​ സാമ്പത്തികവും അടിസ്ഥാനപരവുമായ പിന്നാക്കാവസ്ഥ എന്നിവ പരിഗണിക്കും

3 അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന പ്രദേശം എന്ന പരിഗണനയും പ്രത്യേക പദവി കിട്ടേണ്ട സംസ്ഥാനത്തിനുണ്ടാകണം

കേന്ദ്ര സർക്കാരിനെ താങ്ങിനിറുത്തുന്ന പാർട്ടിയായിട്ടും പ്രത്യേക പദവി നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നിതീഷ്‌കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം

ലാലു പ്രസാദ്

ആർ.ജെ.ഡി അദ്ധ്യക്ഷൻ