miltary

ന്യൂഡൽഹി:മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പ്രതിരോധ മേഖലയ്‌ക്കായി നീക്കിവച്ചത് 6.21 ലക്ഷം കോടി രൂപ. ഫെബ്രുവരിയിൽ ഇടക്കാല ബഡ്‌ജറ്റിലും ഇതേ തുകയായിരുന്നു. മൂലധന അടങ്കൽ 1.72 ലക്ഷം കോടിയാണ്.

2024-25 ബഡ്‌ജറ്റിന്റെ 2.9 ശതമാനമാണ് പ്രതിരോധ വിഹിതം. 2023-24ൽ പ്രതിരോധ ബഡ്‌ജറ്റ് 5,93,537.64 കോടിയായിരുന്നു. ഇത്തവണ 68,834 കോടിയുടെ വർദ്ധന.

ആഭ്യന്തര മൂലധന സമാഹരണത്തിന് 1.05 ലക്ഷം കോടി (1,05,518 കോടി) അനുവദിച്ചു. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബോർഡർ റോഡ്സ് ഒാർഗനൈസേഷന് 6,500 കോടിയും പ്രതിരോധ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട ഐഡെക്സ് പദ്ധതിക്ക് 518 കോടിയും നീക്കിവച്ചു. മൂലധന സമാഹരണത്തിന് കൂടുതൽ തുക അനുവദിച്ചത് പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്തതയ്‌ക്ക് ഉത്തേജനമാകുമെന്നും സേനയുടെ കഴിവുകൾ കൂടുതൽ ശക്തമാക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു