കേരളത്തിന് റെയിൽവേ വിഹിതം 3011 കോടി
ന്യൂഡൽഹി:കേരളത്തിലെ റെയിൽവേ പദ്ധതികൾക്ക് 3011 കോടി രൂപ കേന്ദ്ര ബഡ്‌ജറ്റിൽ വകയിരുത്തിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. അങ്കമാലി - എരുമേലി ശബരി പാതയ്‌ക്ക് ബദലായി ചെങ്ങന്നൂർ - പമ്പ 75കിലോമീറ്റർ പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്‌ക്ക് അനുമതി നൽകിയെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
എരുമേലി - അങ്കമാലി ശബരി പാത (111 കിലോമീറ്റർ) ശബരിമല ക്ഷേത്രത്തിന് 25 കിലോമീറ്റർ അകലെയാണ് എത്തുക. അതിന്റെ സ്ഥലമെടുപ്പ് പ്രതിസന്ധി കാരണം പുതുതായി നിർദ്ദേശിക്കപ്പെട്ട ചെങ്ങന്നൂർ - പമ്പ പാത ( 75കിലോമീറ്റർ) ക്ഷേത്രത്തിന് നാല് കിലോമീറ്റർ അടുത്തെത്തും. സർവേ കഴിഞ്ഞ് ഏതു വേണമെന്ന് തീരുമാനിക്കും.
കേരളത്തിന് 2009-14ലെ യു.പി.എ സർക്കാരിന്റെ കാലത്ത് വർഷം 372 കോടി വീതമാണ് നീക്കിവച്ചതെന്നും മോദി സർക്കാർ അത് എട്ട് മടങ്ങ് കൂട്ടിയാണ് 3011 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പാത പൂർണമായും വൈദ്യുതീകരിച്ചു. 12,350 കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു. അമൃത് പദ്ധതിയിൽ 35 സ്റ്റേഷനുകൾ നവീകരിക്കുന്നു. 10 വർഷത്തിനിടെ 106 ഫ്ളൈ ഒാവറുകളും അടിപ്പാതകളും നിർമ്മിച്ചു. കേരളത്തിന് രണ്ട് വന്ദേഭാരത് മതി. കൂടുതൽ അനുവദിക്കില്ല. വിഴിഞ്ഞത്തു നിന്ന് തിരുവനന്തപുരം നഗരത്തെ ബാധിക്കാത്ത പാത ആലോചിക്കുന്നു.
459 ഏക്കറിൽ ലഭിച്ചത് 62
റെയിൽവേ പദ്ധതികൾക്ക് വേണ്ട 459 ഏക്കറിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് 62 ഏക്കർ മാത്രമാണ്. പുതിയ ട്രാക്കുകൾ, വളവു നികത്തൽ, ട്രെയിനുകളുടെ വേഗത കൂട്ടൽ തുടങ്ങി എല്ലാ പദ്ധതികൾക്കും ഇതു ബാധകമാണ്. ഫണ്ട് പ്രശ്‌നമല്ല. സംസ്ഥാനം ഉത്തരവാദിത്വം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു.