ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിക്കു കീഴിൽ ചേരമാൻ ജുമാ മസ്ജിദിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലുമുള്ള നവീകരണത്തിന് ധനമന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പിയും റോജി എം ജോൺ എം.എൽ.എയും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി. കേരള സർക്കാർ രണ്ട് പദ്ധതികളുടെയും ഡി.പി.ആർ പൂർത്തിയാക്കി അന്തിമ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതാണ്. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭിച്ചാലേ പദ്ധതി പൂർണ്ണമാകൂ. അതിന് ടൂറിസം മന്ത്രാലയം ഇടപെടണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. 2022 മാർച്ചിലാണ് രണ്ട് തീർത്ഥാടന കേന്ദ്രങ്ങളും പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തിയത്.