ന്യൂഡൽഹി:വിദേശ സഹകരണം ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥ വാസുകിയെ കേരള സർക്കാർ നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിദേശമന്ത്രാലയം. സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ഭരണഘടനാപരമായ അധികാരത്തിന് പുറത്തുള്ള കാര്യങ്ങളിൽ കടന്നുകയറരുതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു.
ഇന്നലെ പത്രസമ്മേളനത്തിൽ ചില ദേശീയ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഭരണഘടനാ വ്യവസ്ഥകൾ ഉദ്ധരിച്ചാണ് അദ്ദേഹം കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേരളസർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ ആദ്യമായാണ് പ്രതികരിക്കുന്നത്. ഇതോടെ വാസുകിയുടെ നിയമനത്തിൽ കേരള സർക്കാരിന്റെ നിലപാട് കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ നിർണായകമാവും.
വാസുകിയുടെ നിയമനം ചട്ടവിരുദ്ധമാണെന്നും നിയമനം
റദ്ദാക്കിയേക്കുമെന്നും 'കേരളകൗമുദി' നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശരാജ്യങ്ങളുമായും എംബസികളുമായും മിഷനുകളുമായും സഹകരണമാണ് വാസുകിയുടെ ചുമതല. എന്നാൽ വിദേശ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി നേരിട്ട് ഇടപെടരുതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടമുണ്ട്.
വിദേശ സഹകരണ ചുമതലയുമായി 2021-ൽ മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ ന്യൂഡൽഹിയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി കേരള സർക്കാർ നിയമിച്ചിരുന്നു. അന്നൊന്നും കേന്ദ്രം പ്രതികരിച്ചിട്ടില്ല.
വിദേശ നയതന്ത്ര ബന്ധത്തിൽ ഇടപെടാനോ കേന്ദ്രത്തിന്റെ അധികാരത്തിൽ കൈ കടത്താനോ അല്ല, സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനാണ് വാസുകിക്ക് ചുമതല നൽകിയതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു നേരത്തേ വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ വക്താവ് പറഞ്ഞത്
ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടികയിലെ ( യൂണിയൻ ലിസ്റ്റ് ) പത്താം ഇനം പ്രകാരം വിദേശകാര്യവും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രത്തിന്റെ മാത്രം അധികാരത്തിലാണെന്ന്
വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിദേശകാര്യം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലോ സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമുള്ള സ്റ്റേറ്റ് ലിസ്റ്റിലോ വരുന്ന വിഷയമല്ല.