kejje

ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി - സി.ബി.ഐ കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഇ.ഡി കേസിൽ ജൂലായ് 31വരെയും, സി.ബി.ഐ കേസിൽ ആഗസ്റ്റ് എട്ടു വരെയുമാണ് റൗസ് അവന്യു കോടതി നീട്ടിയത്.

കേജ്‌രിവാളിനെ വീഡിയോ കോൺഫറൻസിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരെ ഇ.ഡി കേസിൽ ഈമാസം 31വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു.

തീഹാർ ജയിലിൽ ആഴ്ച്ചയിൽ രണ്ടുദിവസം കൂടി അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി അനുവദിച്ചു. ഇനി ആഴ്ച്ചയിൽ നാലുദിവസം അഭിഭാഷകരെ കാണാം. തനിക്കെതിരെ മുപ്പതിൽപ്പരം കേസുകളുള്ളതിനാൽ അഭിഭാഷകരെ കാണാൻ രണ്ടുദിവസം പോരെന്നാണ് കേജ്‌രിവാൾ വാദിച്ചത്.

ജൂലായ് 30ന് പ്രതിഷേധം

കേജ്‌രിവാളിന്റെ ആരോഗ്യം വഷളാകുന്നുവെന്ന് ചൂണ്ടിക്കാട്ടി 'ഇന്ത്യ' സഖ്യം ജൂലായ് 30ന് ജന്തർ മന്ദറിൽ പ്രതിഷേധിക്കും. ജയിലിൽ കൊലപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുവെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.