ന്യൂഡൽഹി: രാഷ്‌ട്രപതി പങ്കെടുക്കുന്ന സത്യപ്രതിജ്ഞ, ദേശീയ പുരസ്‌കാരദാന ചടങ്ങുകളും മറ്റും നടക്കുന്ന രാഷ്ട്രപതി ഭവനിലെ ഐതിഹാസികമായ ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം എന്നറിയപ്പെടും. വിദേശ രാഷ്‌ട്രത്തലവൻമാരുടെ യോഗങ്ങളും വിരുന്നും നടക്കുന്ന അശോക് ഹാളിന്റെ പേര് അശോക് മണ്ഡപം എന്നും മാറ്റി.
ഇന്ത്യൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കാനാണ് പേരുമാറ്റമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. ബ്രിട്ടീഷുകാരുടെ സദസുകളെ പരാമർശിക്കുന്ന 'ദർബാർ' എന്ന വാക്കിന് ഇപ്പോൾ പ്രസക്തിയില്ല. ഗണതന്ത്രം എന്ന ആശയം പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, അതേസമയം അശോക ചക്രവർത്തിയെയും ശോകമില്ലായ്‌മയെയും അശോക വൃഷത്തെയും ഓർമ്മിപ്പിക്കുന്ന 'അശോക്' എന്ന വാക്കിലെ ഇംഗ്ളീഷ് വിധേയത്വം ഇല്ലാതാക്കാനാണ് അശോക മണ്ഡപം എന്ന പേരുമാറ്റം.