d

ന്യൂഡൽഹി​: സംസ്ഥാന ദുരന്തനി​വാരണ ഫണ്ട് പ്രകാരം (എസ്‌.ഡി.ആർ.എഫ്) കേന്ദ്രസർക്കാർ 14 സംസ്ഥാനങ്ങൾക്ക് 6348 കോടി രൂപയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ട് പ്രകാരം (എസ്.ഡി.എം.എഫ്) ആറ് സംസ്ഥാനങ്ങൾക്ക് 672 കോടി രൂപയും അനുവദിച്ചു. ഇതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയുടേതാണ് തീരുമാനം.
മുംബയ്, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ നഗരങ്ങളിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 2514.36 കോടി അനുവദിച്ചു. അസം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ അഗ്നിശമന സേവനങ്ങളുടെ വിപുലീകരണത്തിനും നവീകരണത്തിനും 810.64 കോടി രൂപയും മേഘവിസ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങൾക്കായി 150 കോടി രൂപയും ഉന്നതതല സമിതി അനുവദിച്ചു. ദുരന്ത സാദ്ധ്യതയുള്ള 315 ജില്ലകളിൽ ആപത് മിത്ര വോളണ്ടിയർമാരെ പരിശീലിപ്പിക്കാൻ 470.50 കോടി രൂപ അനുവദിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ, കൃഷി മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും സമിതി അംഗങ്ങളാണ്.