s

ന്യൂഡൽഹി : കാവട് യാത്രാ വഴികളിലെ ഭക്ഷണശാലകൾ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീംകോടതി ആഗസ്റ്റ് 5 വരെ നീട്ടി.

കടയുടമകൾക്ക് സ്വമേധയാ പേര് പ്രദർശിപ്പിക്കാം. ബലംപ്രയോഗിച്ച് ഉടമയുടെയും ജീവനക്കാരുടെയും പേര് എഴുതിവയ്‌പ്പിക്കാനാകില്ല - മെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എൻ ഭട്ടും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മഹുവ മൊയിത്ര എം.പി, സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഒഫ് സിവിൽ റൈറ്റ്സ്, ‌ഡൽഹി യൂണി. പ്രൊഫ. അപൂർവാനന്ദ്, ആക്‌ടിവിസ്റ്റ് ആകാർ പട്ടേൽ എന്നിവരുടെ ഹർജികളിലാണ് ഉത്തരവ്. വിവാദ ഉത്തരവ് ജൂലായ് 22നാണ് കോടതി സ്റ്റേ ചെയ്‌തത്.

 സമാധാനത്തിനെന്ന് യു.പി സർക്കാർ

സമാധാനവും ഉറപ്പാക്കാനാണ് ഉത്തരവിറക്കിയതെന്ന് ഉത്തർപ്രദേശ് സർക്കാർ‌ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കാവട് യാത്രികരുടെ കൂടി ആവശ്യപ്രകാരമായിരുന്നു നടപടി. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ ഉത്സവങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളുണ്ട്. ഈദ്, മുഹറം തുടങ്ങിയ അവസരങ്ങളിൽ ആട് വിൽപ്പനയ്‌ക്ക് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഭക്ഷണശാലകൾ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്നും അറിയിച്ചു.

അങ്ങനെ വ്യവസ്ഥയുണ്ടെങ്കിൽ ചില സ്ഥലങ്ങളിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്നും യു.പിയിലാകെ നടപ്പാക്കിയെന്ന് രേഖാമൂലം അറിയിക്കാനും സുപ്രീംകോടതി പറഞ്ഞു. ക്രമസമാധാനത്തിനാണ് ഉത്തരവിറക്കിയതെന്ന് ഉത്തരാഖണ്ഡ് സർക്കാർ വാദിച്ചു.

പിന്തുണച്ച് ഒരുവിഭാഗം തീർത്ഥാടകർ

വെളുത്തുള്ളിയും ഉള്ളിയും ചേരാത്ത ഭക്ഷണമാണ് കാവട് തീർത്ഥാടകർ കഴിക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണമെന്ന് ധ്വനിപ്പിക്കുന്ന പേരുകൾ കടകൾക്കിടുന്നു. അവിടെ കയറുമ്പോഴാണ് മാംസാഹാരവും വിളമ്പുന്നുണ്ടെന്ന് മനസിലാകുന്നത്. ഇത് ആചാരങ്ങൾക്ക് എതിരാണെന്ന് ഒരുവിഭാഗം തീർത്ഥാടകർ സുപ്രീംകോടതിയെ അറിയിച്ചു.

എല്ലാ വർഷവും ശ്രാവണമാസത്തിൽ (ജൂലായ് - ആഗസ്റ്റ്) ഹരിദ്വാർ, ഗംഗോത്രി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് ശിവഭക്തർ കാവട് യാത്ര.