ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ ഉത്തർപ്രദേശ് സുൽത്താൻപൂരിലെ കോടതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. മാനനഷ്‌ടക്കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന്, ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് മുമ്പാകെ രാഹുൽ മൊഴി നൽകി. വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രശസ്‌തിയാണ് ഹർജിക്കാരന്റെ ഉദ്ദേശ്യമെന്നും അറിയിച്ചു. കേസ് ആഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരി 20ന് രാഹുൽ ഇതേ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു.
2018ൽ ബംഗളൂരുവിലെ വാർത്താസമ്മേളനത്തിനിടെ അന്നത്തെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷാക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് മാനനഷ്‌ടക്കേസ് സമർപ്പിച്ചത്. കൊലക്കേസിൽ സംശയിക്കപ്പെടുന്നയാളാണ് ബി.ജെ.പി അദ്ധ്യക്ഷനെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം.