ന്യൂഡൽഹി: പ്രതിഷേധത്താൽ കേന്ദ്ര ബഡ്ജറ്റ് ചർച്ചയ്ക്കിടെ ലോക്സഭയിലും രാജ്യസഭയിലും നടപടികൾ ഇന്നലെയും തടസപ്പെട്ടു. ഗവർണർമാർ ചാൻസലർ ആകുന്നത് തടയാനുള്ള ജോൺ ബ്രിട്ടാസിന്റെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചതും ബംഗാൾ വിഭജിക്കാനുള്ള പരാമർശങ്ങളും കർണാടക സർക്കാരിലെ മന്ത്രി ഉൾപ്പെട്ട അഴിമതിയും സഭയെ ബഹളമയമാക്കി. പ്രതിപക്ഷത്തിന്റെയും ട്രഷറി ബെഞ്ചുകളുടെയും ബഹളമാണ് നടപടികൾ തടസപ്പെടുത്തിയത്.
മൈസൂർ നഗരവികസന അതോറിട്ടിയും (മുഡ) വാത്മീകി വികസന കോർപ്പറേഷനും ഉൾപ്പെട്ട അഴിമതി കർണാടകയിൽ നിന്നുള്ള ബി.ജെ.പി അംഗങ്ങൾ ഇരു സഭകളിലും ഉന്നയിച്ചിരുന്നു. ബി.ജെ.പി അംഗത്തിന് ഇത് ഉന്നയിക്കാൻ അനുമതി നൽകിയതിനെ ചൊല്ലി രാജ്യസഭയിൽ കോൺഗ്രസ് ബഹളമുണ്ടായി.
വാത്മീകി വികസന കോർപ്പറേഷൻ കേസിൽ കോൺഗ്രസ് 1,087 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കർണാടക മുൻ മന്ത്രിയും എം.പിയുമായ ബസവരാജ് ബൊമ്മെ ആരോപിച്ചതിനെ തുടർന്നും ബഹളമുണ്ടായി.
അതേസമയം മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി കഴിഞ്ഞ ദിവസം ജയിലിൽ കഴിയുന്ന അമൃത്പാൽ സിംഗ് എം.പിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഖാലിസ്ഥാൻ ബന്ധമുള്ള അമൃത്പാലിനെ കേന്ദ്രസർക്കാർ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ചന്നി ആരോപിച്ചിരുന്നു.
ചാൻസലർ പദവി ദേദഗതി :
ബ്രിട്ടാസിന്റെ ബിൽ തള്ളി
ന്യൂഡൽഹി: ഗവർണർമാർ ചാൻസലർ പദവി ഉൾപ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നത് നിരോധിക്കാൻ ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് ഭരണപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് രാജ്യസഭയിൽ അവതരണാനുമതി നിഷേധിച്ചു.
ഗവർണർമാരുടെ ഭരണഘടനാ ബാഹ്യ പദവികൾ നിരോധിക്കാൻ ആർട്ടിക്കിൾ 158 ഭേദഗതി ചെയ്യണമെന്നായിരുന്നു ആവശ്യം. വോട്ടിനിട്ടാണ് തള്ളിയത്.
ശബ്ദവോട്ടോടെ ബിൽ അവതരിപ്പിക്കാൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ അനുമതി നൽകാൻ ഒരുങ്ങിയെങ്കിലും ഭരണപക്ഷം ബഹളം വച്ചതിനെ തുടർന്നാണ് വോട്ടിനിട്ടത്.
ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് അനുകൂലമായി ജനറൽ ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്ന ജനറൽ ക്ലോസസ് (ഭേദഗതി) ബില്ലും യു.ജി.സി ചട്ടങ്ങൾക്ക് മുകളിൽ നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് മുൻഗണന നൽകണമെന്ന യു.ജി.സി (ഭേദഗതി) ബില്ലും ബ്രിട്ടാസ് അവതരിപ്പിച്ചു.
അന്ധവിശ്വാസങ്ങൾക്കെതിരെ സ്വകാര്യ ബിൽ
സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിയും ബൗദ്ധിക വ്യവഹാരവും ലക്ഷ്യമിട്ടുള്ള യുക്തിചിന്ത പ്രോത്സാഹന സ്വകാര്യ ബിൽ ബെന്നി ബെഹ്നാൻ എംപി ലോക്സഭയിൽ അവതരിപ്പിച്ചു. രാജ്യത്ത് നിലനിൽക്കുന്ന പ്രാചീന ബലിയർപ്പണം അടക്കം തടയണമെന്നും അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തണമെന്നും ബിൽ ആവശ്യപ്പെടുന്നു.
ഓട്ടിസം ചികിത്സ, സഹായ പദ്ധതികൾ, തുടങ്ങിയവയ്ക്കുള്ള ബില്ലും അദ്ദേഹം അവതരിപ്പിച്ചു.
.
തെരുവ് നായ ശല്യം ശാസ്ത്രീയമായി നേരിടാനുള്ള ബില്ലും തോട്ടങ്ങളിൽ തൊഴിലാളികൾക്കും അവകാശങ്ങൾ ലഭിക്കുന്ന മാറ്റങ്ങൾ ആവശ്യപ്പെടുന്ന ബില്ലും ഭരണഘടനാ മൂല്യം സംരക്ഷിക്കാൻ പാഠ്യപദ്ധതി പരിഷ്കരണം ആവശ്യപ്പെടുന്ന ബില്ലും ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ അവതരിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുവാക്കളുടെ ജോലി സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ സി.പി.ഐ എംപി പി. സന്തോഷ് കുമാർ രാജ്യസഭയിൽ അവതരിപ്പിച്ചു.