ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന്റെ വികിസിത ഭാരതം-2047 ലക്ഷ്യം പൂർത്തിയാക്കാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിനൊപ്പം നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ ഒമ്പതാം ഗവേണിംഗ് കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ 20 മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ആറ് ലെഫ്റ്റനൻ്റ് ഗവർണർമാരും പങ്കെടുത്തു. 'ഇന്ത്യ' മുന്നണി മുഖ്യമന്ത്രിമാർ യോഗം ബഹിഷ്‌കരിച്ചു. സംസ്ഥാനങ്ങൾക്ക് നയരൂപീകരണത്തിലും നിർവഹണത്തിലും നൂതനമായ സമീപനം ഉണ്ടാകണം. അതിലൂടെ
വികസനത്തിന് ഉതകുന്ന ഭരണ പരിപാടികൾ ആരംഭിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
വികസിത ഭാരതത്തിന്റെ ദർശനം വികസിത സംസ്ഥാനങ്ങളിലൂടെ മാത്രമെ സാക്ഷാത്കരിക്കാനാകൂ. ഓരോ ജില്ലയ‌്‌ക്കും ബ്ലോക്കിനും ഗ്രാമത്തിനും സംഭാവന ചെയ്യാനാകും. ഉയർന്ന നിർദ്ദേശങ്ങൾ പഠിക്കാൻ പ്രധാനമന്ത്രി നിതി ആയോഗിന് നിർദ്ദേശം നൽകി.
ദാരിദ്ര്യം ഇല്ലാതാക്കണം
വികസിത ഭാരതം ലക്ഷ്യം കൈവരിക്കാൻ താഴെത്തട്ടിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കണം
സംസ്ഥാനങ്ങളിൽ നിക്ഷേപക സൗഹൃദ അന്തരീക്ഷമുണ്ടാക്കണം
‘നിക്ഷേപ സൗഹൃദ ചാർട്ടർ’ തയ്യാറാക്കാൻ നിതി ആയോഗിനെ ചുമതലപ്പെടുത്തി.
(നിക്ഷേപങ്ങൾ വരാൻ ക്രമസമാധാനം, സദ്ഭരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രധാനം)
ജലസ്രോതസ്സുകളുടെ ഫലപ്രദമായ വിനിയോഗത്തിന് സംസ്ഥാന തലത്തിൽ റിവർ ഗ്രിഡുകൾ
വയോജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ
സർക്കാർ ഉദ്യോഗസ്ഥരുടെ ശേഷി വർദ്ധിപ്പിക്കണം
നിതി ആയോഗ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
മൈക്ക് ഓഫാക്കി, സംസാരിക്കാൻ
അനുവദിച്ചില്ലെന്ന് മമത
അതിനിടെ, സംസാരിക്കാൻ അനുവദിച്ചില്ലെന്നും മൈക്ക് ഓഫ് ചെയ്തെന്നും ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിൽ നിന്നിറങ്ങിപ്പോയി.
എന്നാൽ ആരോപണം കേന്ദ്രസർക്കാർ തള്ളി. 'ഇന്ത്യ" മുന്നണിയിലെ മറ്റ് മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിച്ചപ്പോൾ ബംഗാളിനോട് അടക്കം സർക്കാർ കാണിച്ച വിവേചനം ചൂണ്ടിക്കാട്ടാനാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് മമത വിശദീകരിച്ചിരുന്നു. 'എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അഞ്ച് മിനിട്ട് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. മൈക്ക് നിശബ്ദമാക്കി. ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഓഫ് ചെയ്തത്. ആന്ധ്രാ മുഖ്യമന്ത്രിക്ക് 20 മിനിട്ടും മറ്റ് എൻ.ഡി.എ മുഖ്യമന്ത്രിമാർക്ക് പത്തു മിനിട്ട് വീതവും സമയം നൽകി. ഞാൻ പ്രതിഷേധം അറിയിച്ച് പുറത്തിറങ്ങി " -മമത കുറ്റപ്പെടുത്തി.
അടിസ്ഥാന രഹിതം: നിർമ്മല
മമതയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഓരോ മുഖ്യമന്ത്രിക്കും അനുവദിച്ച സമയം അവരുടെ മേശയ്ക്ക് മുന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. മൈക്ക് ഓഫ് ചെയ്തെന്ന ആരോപണം ശരിയല്ല. അനുവദിച്ച സമയത്ത് സംസാരിച്ചിരുന്നുവെന്നും നിർമ്മല വിശദീകരിച്ചു. യഥാർത്ഥത്തിൽ മമത ഉച്ചയ്ക്കു ശേഷമാണ് സംസാരിക്കേണ്ടിരുന്നതെന്നും പെട്ടെന്ന് മടങ്ങേണ്ടതിനാൽ നേരത്തെ ആക്കണമെന്ന ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥന മാനിക്കുകയായിരുന്നെന്നും നിതി ആയോഗും അറിയിച്ചു. മുഖ്യമന്ത്രിമാരിൽ ഏഴാമതായാണ് മമത സംസാരിച്ചത്.