ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം ഉത്തർപ്രദേശിൽ അടക്കം നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം പാർട്ടി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമാണ് പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്.
ഉത്തർപ്രദേശിൽ അടക്കം സംഭവിച്ച തിരിച്ചടി, ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം, കേന്ദ്ര-സംസ്ഥാന പദ്ധതികൾ താഴെത്തട്ടിൽ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കൽ, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങൾ എന്നിവയായിരുന്നു പ്രധാന അജണ്ട. സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ചർച്ചയായി.
ഇടഞ്ഞു നിൽക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉപമുഖ്യമന്ത്രിമന്ത്രി കേശവ് പ്രസാദ് മൗര്യയെയും കേന്ദ്ര നേതാക്കൾ പ്രത്യേകം കണ്ടതായും അറിയുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹി, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.