ന്യൂഡൽഹി:ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഓൾഡ് രജീന്ദർ നഗറിലെ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന്റെ ബേസ്‌മെന്റിലേക്ക് വെള്ളം കുതിച്ചെത്തിയത്. മിനിട്ടുകൾക്കുള്ളിൽ നിറയുകയായിരുന്നു. അതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ജീവനക്കാരും വിദ്യാർത്ഥികളും ജീവനും കൊണ്ട് രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ശനിയാഴ്ച 05.30 മുതൽ 08.30 വരെ ഈ മേഖലയിൽ 31.5 മില്ലിമീറ്റർ മഴ പെയ്‌തുവെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
സന്ദേശമെത്തിയതോടെ പൊലീസും, അഗ്നിശമനസേനയും, എൻ.ഡി.ആർ.എഫ് ഡൈവർമാർ അടങ്ങിയ സംഘവും പാഞ്ഞെത്തി.
ബയോമെട്രിക് ലോക്ക് ആയതിനാൽ തുറക്കാൻ കഴിഞ്ഞില്ല.
വാതിൽ തകർത്താണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്.
12 അടിയോളം വെള്ളമുണ്ടായിരുന്നത് വെല്ലുവിളിയായി
രാത്രി 10.30ന് ആദ്യ മൃതദേഹം കണ്ടെത്തി. 11.20ന് രണ്ടാമത്തെയും. നെവിന്റെ മൃതദേഹം കണ്ടെത്തിയത് പുലർച്ചെ.
കേസ് നരഹത്യയ്ക്ക്
ന്യൂഡൽഹി : മൂന്നു വിദ്യാർത്ഥികളുടെ മരണത്തിൽ ഡൽഹി പൊലീസ് നരഹത്യാക്കുറ്റം ഉൾപ്പെടെ ചുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ നരഹത്യാക്കുറ്റത്തിന്റെ വകുപ്പായ 105, അശ്രദ്ധ കാരണം മരണം സംഭവിക്കാൻ ഇടയാക്കിയതിന്റെ വകുപ്പ് 106(1) തുടങ്ങിയവയാണ് ചുമത്തിയതെന്ന് സെൻട്രൽ ഡൽഹി ഡി.സി.പിയായ എം. ഹർഷവർദ്ധൻ വ്യക്തമാക്കി. സ്ഥാപന ഉടമ, പരിശീലന കേന്ദ്രത്തിന്റെ മാനേജ്മെന്റ്, സ്ഥാപനത്തിൽ ഡ്രെയിനേജ് സംവിധാനത്തിന്റെ ചുമതലയുണ്ടായിരുന്നവർ എന്നിവർക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്.