nevin
നെവിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മന്ത്രി വി. ശിവൻകുട്ടി അന്തിമോപചാരം അർപ്പിക്കുന്നു. ഐ.ബി.സതീഷ് എം.എൽ.എ സമീപം

ന്യൂഡൽഹി : കരോൾ ബാഗിനു സമീപമുള്ള സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ജലദുരന്തത്തിൽ ജീവൻ നഷ്‌ടമായ മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിൻ സുരേഷിന്റെ (23) മൃതദേഹം ഇന്നലെ അർദ്ധരാത്രിയോടെ നാട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി 08.25നുള്ള വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് അയച്ചത്. തിരുമല തച്ചോട്ടുകാവ് പിടാരത്ത് ഡേയിൽ വില്ലയിൽ റിട്ട. ഡിവൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും കാലടി സംസ്‌കൃത സർവകലാശാലയിലെ ജ്യോഗ്രഫി വകുപ്പ് മുൻമേധാവി ഡോ. ടി.എസ്. ലാൻസ്ലെറ്റിന്റെയും മകനാണ് നെവിൻ. ശനിയാഴ്ച രാത്രി കനത്തമഴയ്‌ക്ക് പിന്നാലെയായിരുന്നു കരോൾ ബാഗിനു സമീപം ഓൾഡ് രജീന്ദർ നഗറിലെ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ സ്ഥാപനത്തിൽ രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് മൂന്നുകോടി രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു.

 പരിഹാരനടപടികൾ ഉണ്ടാകണം

നെവിന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ നിയമവിരുദ്ധ കോച്ചിംഗ് സെന്ററുകൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കണമെന്ന് അമ്മാവൻ ലിനുരാജ് പറഞ്ഞു. എല്ലാവരെയും സഹായിക്കുന്ന ആളാണ് നെവിൻ. അപകടം സംഭവിച്ചതും ആരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആയിരിക്കാമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നെവിന്റെ അമ്മയുടെ സഹോദരനാണ് ലിനുരാജ്. പോസ്റ്റ്മോർട്ടം തുടങ്ങിയ നടപടികൾ വേഗത്തിലാക്കാൻ ഡൽഹിയിലെ മലയാളി സംഘടനകൾ ഉൾപ്പെടെ എല്ലാ സഹായവുമായി മുന്നിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.

 മാർഗനിർദ്ദേശം നൽകിയിരുന്നു : പ്രധാൻ

കോച്ചിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദ്ദേശങ്ങൾ ഇക്കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധ‌ർമേന്ദ്ര പ്രധാൻ ലോക്സഭയിൽ വ്യക്തമാക്കി.

ചോദ്യോത്തരവേളയിലാണ് കെ.സി. വേണുഗോപാൽ കോച്ചിംഗ് സെന്റ‌ർ ദുരന്തം ഉന്നയിച്ചത്. 2018 മുതൽ 2022 വരെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ 80 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌തു. ജാതി വിവേചനമാണ് പ്രധാനകാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ചിംഗ് സെന്റർ മാത്രമല്ല ഏതു വിദ്യാഭ്യാസ സ്ഥാപനത്തിലെയും വിദ്യാർത്ഥികളുടെ സാമൂഹിക - മാനസികാരോഗ്യ സംരക്ഷണത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ധ‌ർമേന്ദ്ര പ്രധാൻ മറുപടി നൽകി. രാജ്യസഭയിലും മന്ത്രി മറുപടി ആവർത്തിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ സമിതി രൂപീകരിച്ച് സംഭവം അന്വേഷിക്കണമെന്ന് ന്യൂഡൽഹി എം.പി ബി.ജെ.പിയിലെ ബാൻസുരി സ്വരാജ് ആവശ്യപ്പെട്ടു.