nb

ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകളിലെ ദുരിതചിത്രം വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ച് വിദ്യാർത്ഥി. നരകജീവിതത്തിന് മദ്ധ്യേ നിന്നാണ് സിവിൽ സർവീസിന് തയ്യാറെടുക്കുന്നതെന്ന് അവിനാശ് ദുബെ എന്ന വിദ്യാർത്ഥിയുടെ കത്തിൽ പറയുന്നു. ഓൾഡ് രജീന്ദർ നഗറിലെ ദുരന്തത്തിൽ ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടിയെടുക്കണം. ഇരകളായ വിദ്യാ‌ർത്ഥികൾക്ക് നീതി ലഭ്യമാക്കണം. വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കണം. ഡൽഹിയിലെ പല മേഖലകളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് പതിവാണ്. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ല. പാതകളിൽ മലിനജലം പൊട്ടിയൊഴുകുന്നു. മുട്ടോളം മലിനജലത്തിൽ നടക്കേണ്ട നിർബന്ധിത സാഹചര്യം.

ഡൽഹി സർക്കാരും,മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ തങ്ങളുടെ ജീവിതമാണ് നരകതുല്ല്യമായിരിക്കുന്നതെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. പുഴുക്കളെ പോലെയാണ് ജീവിക്കുന്നത്. ഇപ്പോഴത്തെ സംഭവം വിദ്യാർത്ഥികളുടെ സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യം തെളിയിക്കുന്നതാണ്. സുരക്ഷിതവും ആരോഗ്യകരവും ഭയരഹിതവുമായ സാഹചര്യമൊരുക്കണമെന്നും കത്തിൽ അവിനാശ് ദുബെ ആവശ്യപ്പെട്ടു.

ഡൽഹി ഹൈക്കോടതിയിൽ ഹർജി

മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സന്നദ്ധസംഘടനയായ കുടുംബാണ് ഹർജിക്കാർ. ഡൽഹിയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ജില്ലാതലസമിതികൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇതിനിടെ,സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സത്തായം സിംഗ് ഡൽഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹന് കത്തയച്ചു.