ന്യൂഡൽഹി: മഹാഭാരതത്തിൽ അഭിമന്യുവിനെ കെണിയിൽ വീഴ്ത്തി കൊന്നതുപോലെ ജനങ്ങളെ ‘പത്മവ്യൂഹത്തിൽ’ കുടുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹം സൃഷ്ടിച്ചതെന്നും രാഹുൽ ലോക്സഭയിൽ ബഡ്ജറ്റ് ചർച്ചയിൽ ആരോപിച്ചു.
യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്കു പുറമേ, ചെറുകിട ഇടത്തരം വ്യവസായങ്ങളുമാണ് കുടുങ്ങിയത്.
ചക്രവ്യൂഹത്തിന് മൂന്നുമുഖമാണ്. അതിലൊന്ന് സാമ്പത്തിക ഏകാധിപത്യമാണ്. മൂന്നുപേർക്കു മാത്രമാണ് സമ്പത്തിനുമേൽ നിയന്ത്രണം. രണ്ടാമത്തെ മുഖം സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളും ആദായ നികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുമാണ് . മൂന്നാമത്തേത് രാഷ്ട്രീയ എക്സിക്യൂട്ടീവാണ് . ബഡ്ജറ്റിന്റെ ലക്ഷ്യം ഈ മൂന്നിനെയും ശക്തിപ്പെടുത്തലാണ്. ഇവ രാജ്യത്തെ തകർത്തുവെന്നും രാഹുൽ ആരോപിച്ചു.
യുവാക്കൾക്ക് തൊഴിൽ നൽകിയ ചെറുകിട വ്യവസായങ്ങളെ നോട്ട് നിരോധനത്താലും നികുതി ഭീകരതയാലും ചക്രവ്യൂഹത്തിലാക്കി. തൊഴിലില്ലായ്മയുടെയും പേപ്പർ ചോർച്ചയുടെയും ചക്രവ്യൂഹത്തിൽ യുവാക്കൾ അകപ്പെട്ടു. കർഷകർ കടത്തിന്റെ ചക്രവ്യൂഹത്തിലാണ്. ഇടത്തട്ടുകാർ നികുതിയുടെ ചക്രവ്യൂഹത്തിൽ കുടുങ്ങി.ചെറുകിട വ്യവസായങ്ങൾ നികുതി ഭീകരതയുടെ ചക്രവ്യൂഹത്തിലാണ്. അഗ്നിപഥിലെ ചക്രവ്യൂഹത്തിലാണ് ജവാന്മാർ.
അംബാനിയും
അദാനിയും
'എ1, എ2
സഭാംഗങ്ങളല്ലാത്ത അജിത് ഡോവൽ, അംബാനി, അദാനി എന്നിവരുടെ പേരുകൾ ഉന്നയിച്ചത് സ്പീക്കർ ഓം ബിർള എതിർത്തു. പേരുകൾ പിൻവലിക്കാമെന്നും പകരം സഖ്യകൾ ഉപയോഗിക്കാമെന്നായി രാഹുൽ. തുടർന്ന് അംബാനിയെയും അദാനിയെയും 'എ1, എ2 എന്നിങ്ങനെയാണ് പരാമർശിച്ചത് .
ഹിന്ദു മതത്തിലെ ശിവന്റെ വിവാഹ ഘോഷയാത്ര പോലെ എല്ലാവർക്കും ജീവിക്കാൻ സ്വാതന്ത്ര്യം നൽകുന്ന സാഹചര്യമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. പോരാട്ടം ശിവന്റെ ഘോഷയാത്രയും ചക്രവ്യൂഹവും തമ്മിലാണ്.
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ്. ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ സ്വപ്നം കാണാൻ അധികാരമുള്ളൂ. പ്രതിരോധമന്ത്രിക്ക് പ്രധാനമന്ത്രിയാകാമെന്ന് സ്വപ്നം കാണാൻ പേടിയാണെന്നും രാഹുൽ പറഞ്ഞു.
യുവാക്കളും പിന്നാക്കക്കാരും അർജുനന്റെ രൂപത്തിൽ ചക്രവ്യൂഹം തകർക്കുമെന്നും 'ഇന്ത്യ' മുന്നണി ജാതി സെൻസസും നിയമപരമായ താങ്ങുവിലയും കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.
ബഡ്ജറ്റ് ഹൽവയും
ആയുധമാക്കി രാഹുൽ
ന്യൂഡൽഹി: ധനകാര്യ മന്ത്രാലയത്തിൽ ബഡ്ജറ്റ് പൂർത്തിയാക്കിയ ശേഷമുള്ള ഹൽവ ആഘോഷ ചടങ്ങ് കേന്ദ്രസർക്കാരിന്റെ ഒ.ബി.സി, ദളിത്, ആദിവാസി അവഗണനയുടെ തെളിവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉദ്യോഗസ്ഥർക്ക് ഹൽവ വിതരണം ചെയ്യുന്ന ഫോട്ടോ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ആരോപണം.
രാജ്യത്തിനായുള്ള ഹൽവ വിതരണം ചെയ്യുന്ന ചടങ്ങാണിത്.
ഫോട്ടോയിൽ 73 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്ന
ഒ.ബി.സി, ആദിവാസി, ദളിത് ഓഫീസർമാരെ കാണുന്നില്ല. നിങ്ങൾ ഹൽവ കഴിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ലഭിക്കുന്നില്ല.
ബഡ്ജറ്റ് തയ്യാറാക്കിയ 20 ഉദ്യോഗസ്ഥരിൽ ന്യൂനപക്ഷ, ഒ.ബി.സി പ്രതിനിധികൾ രണ്ടുപേർ മാത്രമായിരുന്നു. ഫോട്ടോയിൽ അവരിൽ ഒരാൾ പോലുമില്ല. ഇതുകൊണ്ടാണ് രാജ്യം ജാതി സെൻസസ് ആഗ്രഹിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സഭയിൽ ഫോട്ടോ പ്രദർശിപ്പിച്ചത് ചട്ടലംഘനമാണെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി. തുടർന്ന് രാഹുൽ ഫോട്ടോ ഡെസ്കിൽ വച്ചാണ് സംസാരിച്ചത്. ഫോട്ടോ ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെ സഭാ ടിവിയിൽ നിന്ന് തന്റെ ദൃശ്യങ്ങൾ മാറ്റിയതിനെ രാഹുൽ കുറ്റപ്പെടുത്തി.