ന്യൂഡൽഹി: അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിന് പിന്നിലെ കാരണങ്ങളും,ആർക്കാണ് ഉത്തരവാദിത്വമെന്നും സമിതി അന്വേഷിക്കും. പരിഹാരം നിർദ്ദേശിക്കണം. നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും ശുപാർശ ചെയ്യണം. ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ഭവന - നഗരവികസന അഡിഷണൽ സെക്രട്ടറി,ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മിഷണർ,ഫയർ അഡ്വൈസർ എന്നിവരാണ് അംഗങ്ങൾ. 30 ദിവസത്തിനകം സമിതി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.
10 ലക്ഷം നഷ്ടപരിഹാരം
സംഭവത്തിൽ മരിച്ച മൂന്ന് വിദ്യാർത്ഥികളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്സേന. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഇതിനിടെ, നരഹത്യാകേസിൽ അറസ്റ്റിലായ അഞ്ചുപേരെ തീസ് ഹസാരി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു.
ഫുട്പാത്ത് പൊളിച്ചുമാറ്റി
റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന് നൽകിയിരുന്ന ഫയർ എൻ.ഒ.സി അഗ്നിശമനസേന പിൻവലിച്ചു. ഡ്രെയിനേജ് സംവിധാനം തടസപ്പെടുത്തി സ്ഥാപനത്തിനു മുന്നിൽ നിർമ്മിച്ച ഫുട്പാത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചുമാറ്റി. എം.സി.ഡിയിലെ ലോക്കൽ ജൂനിയർ എൻജിനിയറെ സർവീസിൽ നിന്ന് നീക്കി. അസിസ്റ്റന്റ് എൻജിനിയറെ സസ്പെൻഡ് ചെയ്തു. ദുരന്തമുണ്ടായ ഓൾഡ് രജീന്ദർ നഗറിലെ മാത്രം 20ൽപ്പരം സ്ഥാപനങ്ങളിലെ നിയമവിരുദ്ധ ബേസ്മെന്റുകൾ അടച്ചുപൂട്ടി. സംഭവത്തിൽ ഇന്നലെ അഞ്ചുപേർ കൂടി പിടിയിലായി. ഇതോടെ, സ്ഥാപനമുടമ ഉൾപ്പെടെ ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്.