ന്യൂഡൽഹി : നിയമപഠനം പൂർത്തിയാക്കി അഭിഭാഷകരായി എൻറോൾ ചെയ്യുന്നവരിൽ നിന്ന് അമിത എൻറോൾമെന്റ് ഫീസ് വാങ്ങുന്ന സംസ്ഥാന ബാർ കൗൺസിലുകൾക്ക് പൂട്ടിട്ട് സുപ്രീംകോടതി. ജനറൽ വിഭാഗത്തിൽ നിന്ന് 750ഉം, പട്ടികവിഭാഗങ്ങളിൽ നിന്ന് 125ഉം രൂപ വരെ മാത്രമേ എൻറോൾമെന്റ് ഫീസായി ഈടാക്കാൻ പാടുള്ളു. അഡ്വക്കേറ്റ്സ് ആക്‌ടിലെ വകുപ്പ് 24(1)(എഫ്)ൽ നിശ്ചയിച്ചിരിക്കുന്ന ഈതുകയിൽ കൂടുതൽ വാങ്ങാൻ ബാർ കൗൺസിലുകൾക്ക് കഴിയില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്രിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. അഭിഭാഷകർക്കായി നടപ്പാക്കുന്ന മറ്റ് പ്രവൃത്തികൾക്ക് ഫീസ് ഈടാക്കാം. പക്ഷേ അത് എൻറോൾമെന്റ് ഫീസായി വാങ്ങാൻ കഴിയില്ല.. കേരളത്തിലെ ഉൾപ്പെടെ വിവിധ ബാർ കൗൺസിലുകളിലെ അമിതഫീസിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് വിധി.പാർലമെന്റ് നിശ്ചയിച്ച എൻറോൾമെന്റ് ഫീസ് ബാർ കൗൺസിലുകൾക്ക് ലംഘിക്കാനാവില്ല. സാമ്പത്തിക നയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. അഡ്വക്കേറ്റ്സ് ആക്‌ടിലെ വകുപ്പ് 24(1)(എഫ്) കർശനമായി നടപ്പാക്കണം. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അഭിഭാഷക മേഖലയിലേക്ക് കടന്നുവരുന്നതിന് അമിത ഫീസ് തടസമുണ്ടാക്കും. വിധിക്ക് മുൻകാല പ്രാബല്യമില്ല.. ഇതുവരെ പിരിച്ച തുക ബാർ കൗൺസിലുകൾ തിരിച്ചു കൊടുക്കേണ്ടതില്ലെന്ന് .സുപ്രീംകോടതി വ്യക്തമാക്കി.
ഇനി നൽകേണ്ടത്
#ജനറൽ വിഭാഗം - സംസ്ഥാന ബാർ കൗൺസിലിലേക്ക് 600, ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് 150
#പട്ടികവിഭാഗം - സംസ്ഥാന ബാർ കൗൺസിലിലേക്ക് 100, ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് 25
കേരള ബാർ കൗൺസിൽ
വാങ്ങുന്നത് 20500
നിയമപഠനം കഴിഞ്ഞിറങ്ങുന്ന ജനറൽ വിഭാഗക്കാരിൽ നിന്ന് ടോട്ടൽ എൻറോൾമെന്റ് ഫീസ് എന്ന കണക്കിൽപ്പെടുത്തി കേരള ബാർ കൗൺസിൽ വാങ്ങുന്നത് 20500 രൂപയാണ്. പട്ടികവിഭാഗത്തിൽ നിന്ന് വാങ്ങുന്നത് 19425 രൂപയും. ഒഡിഷയിൽ 42100, ഗുജറാത്തിൽ 25000, ഉത്തരാഖണ്ഡിൽ 23650, മദ്ധ്യപ്രദേശിൽ 20300 തുടങ്ങി ഭൂരിഭാഗം സംസ്ഥാന ബൗർ കൗൺസിലുകളും അമിത ഫീസാണ് വാങ്ങുന്നത്. മേഘാലയയിലും ജമ്മുകാശ്‌മീരിലും ജനറൽ വിഭാഗത്തിൽ നിന്ന് നിയമപ്രകാരമുള്ള 750 രൂപ മാത്രം ഈടാക്കുന്നു.
സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ടി. പത്മനാഭന്
തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെ അവാർഡിന് സാഹിത്യകാരൻ ടി. പത്മനാഭനെ തിരഞ്ഞെടുത്തു. 50,000 രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, കൊല്ലം എസ്.എൻ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, ഭൗമ ശാസ്ത്രജ്ഞൻ ഡോ. ഡി. പത്മലാൽ എന്നിവരുടെ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് ദാന തീയതി പിന്നീട് അറിയിക്കുമെന്ന് ട്രസ്റ്റ് ദേശീയ പ്രസിഡന്റും തിരഞ്ഞെടുപ്പ് സമിതി കൺവീനറുമായ ശാസ്താന്തല സഹദേവനും മറ്റ് ഭാരവാഹികളും അറിയിച്ചു.