ന്യൂഡൽഹി: രാഷ്ട്രീയം മറന്ന് കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന് കൈമാറി സംസ്ഥാനത്തെ എം.പിമാർ. എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, ആന്റോആന്റണി, ജോസ്.കെ.മാണി, കെ.രാധാകൃഷ്ണൻ, വി.കെ. ശ്രീകണ്ഠൻ, വി. ശിവദാസൻ, ഫ്രാൻസിസ് ജോർജ്ജ്, ഡീൻ കുര്യാക്കോസ്, പി.സന്തോഷ്കുമാർ, ഹാരിസ് ബീരാൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം കൈമാറിയത്.
ബഡ്ജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ അവഗണിച്ച സാഹചര്യത്തിലാണ് നിവേദനം നൽകിയത്. വിഴിഞ്ഞം തുറമുഖ വികസനത്തിന് 5000 കോടി, വയനാട് തുരങ്ക പദ്ധതിക്ക് പ്രത്യേക മൂലധന നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി, കടമെടുപ്പ് പരിധി വർദ്ധിപ്പിക്കൽ, റെയിൽവേ വികസനത്തിന് സാമ്പത്തിക സഹായം, 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, 1500 കോടിയുടെ മഴക്കെടുതി സഹായം, രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപനം, കേരളത്തിന്റെ കാർഷിക വിളകൾക്ക് മിനിമം താങ്ങുവില, തിരുവനന്തപുരം തോന്നയ്ക്കലിൽ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ ശാല തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
കഴിഞ്ഞ വർഷം കേരളത്തിന്റെ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിക്കാനുള്ള നീക്കം എം.പിമാർക്കിടയിലെ ഭിന്നതകാരണം നടന്നിരുന്നില്ല. എൽ.ഡി.എഫ് എം.പിമാർ മാത്രം അടങ്ങിയ സംഘമാണ് അന്ന് നിവേദനം നൽകിയത്.
കേരള റിസർച്ച് പ്രൊജക്ട് അവാർഡ്:
സിപിഎം സിൻഡിക്കേറ്റ്
അംഗങ്ങൾ വിട്ടു നിന്നു
വി.സിയെ എസ്.എഫ്.ഐക്കാർ ഉപരോധിച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയുടെ റിസർച്ച് പ്രോജക്ട്, റിസർച്ച് ഗ്രാന്റ് അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ നിന്ന് സിൻഡിക്കേറ്റ് റിസർച്ച് കമ്മിറ്റിയിലെ സി.പി.എം അംഗങ്ങൾ വിട്ടുനിന്നു. വി.സി ഡോ.മോഹനൻ കുന്നുമ്മേലാണ് പുരസ്കാരങ്ങൾ നൽകിയത്.
യുവജനോത്സവത്തിൽ വിജയികളായവർക്കുള്ള ഗ്രേസ് മാർക്ക് തടഞ്ഞുവച്ച വിസിയുടെ നടപടിയിൽ പ്രതിഷേധിച്ച് വിസി യുടെ ഓഫീസ് എസ്.എഫ്.ഐ ഉപരോധിച്ചു. കഴിഞ്ഞ യുവജനോത്സവത്തിൽ വിവിധ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയികളായ 600ലേറെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് വിസി തടഞ്ഞിരുന്നു. ഗ്രേസ് മാർക്ക് അവാർഡ് നൽകുന്നത് പരിശോധിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും റിപ്പോർട്ട് ലഭിച്ചില്ല. സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സർവ്വകലാശാല വകുപ്പുകളിലെ അധ്യാപകരിൽ ചിലരുടെ വോട്ടുകൾ സിപിഎം സ്ഥാനാർത്ഥികൾക്ക് ലഭിക്കാത്തതിനെത്തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കാൻ സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് വി.സി അനുവദിച്ചില്ല. കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ച അവാർഡ് പെരുമാറ്റചട്ടം കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ബെസ്റ്റ് റിസർച്ച് പ്രോജക്ട് അവാർഡിന് ഫിസിക്സ് വകുപ്പിലെ ഡോ. ആർ ജയകൃഷ്ണനും, എക്കണോമിക്സ് വകുപ്പിലെ ഡോ: മഞ്ജു എസ് നായരും അർഹരായി. ഉയർന്ന റിസർച്ച് ഗ്രാന്റിനുള്ള അവാർഡ് അക്വാട്ടിക് ബയോളജിയിലെ ഡോ. എ. ബിജുകുമാറും, ഇക്കണോമിക്സിലെ ഡോ. മഞ്ജു എസ്. നായരും , പ്രത്യേക പ്രശംസാ പത്രത്തിന് ഫിസിക്സ് വകുപ്പിലെ ഡോ. ജി.സുബോധും, ഡെമോഗ്രാഫിലെ ഡോ. അനിൽ ചന്ദ്രനും അർഹരായി. ബെസ്റ്റ് റിസർച്ച് ഡിപ്പാർട്ട്മെന്റ് അക്വാട്ടിക് ബിയോളജി വകുപ്പാണ്.