d

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇല്ലാതാക്കാൻ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷ 'ഇന്ത്യ' മുന്നണി ഡൽഹി ജന്ദർമന്ദറിൽ പ്രതിഷേധ റാലി നടത്തി. ആരോഗ്യനില മോശമായ കേജ്‌രിവാളിനെ മോചിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ.സി.പി നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ്, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവത്ത്, ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്,സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീ പങ്കർ ഭട്ടാചാര്യ തുടങ്ങിയ 'ഇന്ത്യ' നേതാക്കളും ആംആദ്‌മി പാർട്ടി നേതാക്കളായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേജ്‌രിവാളിന്റെ ഭാര്യ സുനിത, എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ചദ്ദ, ഡൽഹി മന്ത്രി ഗോപാൽ റായ് തുടങ്ങിയവരും പങ്കെടുത്തു.


രാഷ്ട്രീയ ഗൂഢാലോചനയുടെ പേരിലാണ് കേജ്‌രിവാളിനെ ജയിലിലടച്ചതെന്ന് സുനിത കേജ്‌രിവാൾ പറഞ്ഞു. ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി ആവശ്യപ്പെട്ട് കേജ്‌രിവാളിനെ കണ്ട മഗുന്ത റെഡ്ഡിയുടെ മൊഴിയാണ് അറസ്റ്റിന് ആധാരം. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌ത് ജനാധിപത്യത്തെ ജയിലിൽ അടച്ചിരിക്കുകയാണെന്ന് നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.


അരവിന്ദ് കേജ്‌രിവാളിനോട് കാണിച്ച അനീതിയുടെ പേരിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കാൻ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നിർദ്ദേശം നൽകിയതായി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. കേജ്‌രിവാളിന്റെ ആരോഗ്യം വഷളാകുകയാണ്. മാനുഷിക പരിഗണനയുടെ പേരിൽ അദ്ദേഹത്തെ വിട്ടയക്കേണ്ടതാണ്.ജനാധിപത്യത്തിൽ ആരെയും കള്ളക്കേസിൽ കുടുക്കാനാവില്ലെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഈ രീതി അവസാനിപ്പിക്കുമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.