ന്യൂഡൽഹി : വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ കനത്ത പിഴയിടുമെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. കരസേനയിലെ ക്യാപ്റ്റൻ റാങ്കിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ കുടിശ്ശിക നൽകുന്നതിലുണ്ടാകുന്ന വീഴ്ചകളാണ് കോടതിയെ ചൊടിപ്പിച്ചത്. അപാകതകൾ നീക്കണമെന്ന കൊച്ചിയിലെ ആംഡ് ഫോഴ്സസ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. എത്രവർഷം ഈരീതിയിൽ മുന്നോട്ടുപോകും. കേന്ദ്രം അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പെൻഷൻ 10 ശതമാനത്തോളം വർദ്ധിപ്പിക്കുന്ന നടപടിയെടുക്കുമെന്ന് നിരീക്ഷിച്ചു. കേന്ദ്രം മൂന്നുമാസം സമയം ആവശ്യപ്പെട്ടതോടെ കോടതി നവംബർ 14 വരെ സമയം നൽകി.
സാങ്കേതിക സർവകലാശാല: വി.സി
നിയമനത്തിന് സെർച്ച്കമ്മിറ്റിയായി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ. ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ക്ഷിതി ഭൂഷൺദാസ് (യു.ജി.സി പ്രതിനിധി), കാർഷിക സർവകലാശാലാ മുൻ വി.സി ഡോ.പി.രാജേന്ദ്രൻ (ചാൻസലറുടെ പ്രതിനിധി), അണ്ണാ സർവകലാശാല വി.സി ഡോ.ആർ. വേൽരാജ് (എ.ഐ.സി.ടി.ഇ പ്രതിനിധി) എന്നിവരടങ്ങിയതാണ് സമിതി. ഡോ.രാജേന്ദ്രനാണ് കൺവീനർ. കമ്മിറ്റിക്ക് 3മാസത്തെ കാലാവധിയുണ്ട്. ജൂൺ 29ന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ അംഗമായിരുന്ന വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ സാങ്കേതികവാഴ്സിറ്റിയുടെ ബോർഡ് ഒഫ് ഗവേണൻസിലെ എക്സ് ഒഫിഷ്യോ അംഗമായിരുന്നു. വാഴ്സിറ്റിയുമായി ബന്ധപ്പെട്ട ആരും സെർച്ച്കമ്മിറ്റിയിൽ ഉണ്ടാവരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാലാണ് സെർച്ച് കമ്മിറ്റി വിജ്ഞാപനം പുതുക്കിയത്.
അതേസമയം, സർക്കാരും സെർച്ച്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുസാറ്റ് മുൻവൈസ്ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ (സാങ്കേതിക സർവകലാശാല പ്രതിനിധി), മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. ടി. പ്രദീപ് (ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), കുസാറ്റ് വി.സി പ്രൊഫ. പി.ജി. ശങ്കരൻ, എം.ജി സർവകലാശാല മുൻ വി.സി പ്രൊഫ.സാബുതോമസ് (സർക്കാർ പ്രതിനിധികൾ) എന്നിവരാണ് അംഗങ്ങൾ. ഗവർണറുടെ വിജ്ഞാപനത്തിലുണ്ടായിരുന്ന ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ക്ഷിതി ഭൂഷൺദാസിനെത്തന്നെയാണ് യു.ജി.സി പ്രതിനിധിയായി സർക്കാരും സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്ഥിരം വി.സി നിയമനം:
ഹർജി വാദത്തിന് മാറ്റി
കൊച്ചി: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് ഫയൽ ചെയ്ത ഹർജി ഹൈക്കോടതി വിശദവാദത്തിനായി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിയോഗിക്കാത്തതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.