ന്യൂഡൽഹി: ലോക്‌സഭയിൽ ബഡ്‌ജറ്റ് ചർച്ചയ്‌ക്കിടെ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത് പ്രതിഷേധത്തിന് വഴിതെളിച്ചു. സ്വന്തം ജാതി അറിയാത്തവരാണ് ജാതി സർവേയെക്കുറിച്ച് പറയുന്നത് എന്നായിരുന്നു പരാമർശം. പ്രതിഷേധമായതോടെ പ്രസംഗത്തിലെ ഭാഗങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്യാൻ സ്‌പീക്കർ റൂളിംഗ് നൽകി.
അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി സംസാരിക്കുന്നതിനാലാണ് തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിക്കുന്നതെന്ന് രാഹുൽ പ്രതികരിച്ചു. രാജ്യത്ത് ദളിതർക്കും ആദിവാസികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സംസാരിക്കുകയും പോരാടുകയും ചെയ്യുന്ന ഏതൊരാൾക്കും അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരും. എല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങാൻ തയ്യാറാണ്. മഹാഭാരതത്തിൽ അർജുനൻ അമ്പെയ്‌തപ്പോൾ മത്സ്യത്തിൽ മാത്രം ശ്രദ്ധിച്ചതു പോലെ ലക്ഷ്യത്തിൽ നിന്ന് പിൻമാറില്ല. ജാതി സെൻസസിനായി വാദിച്ചതിന് അധിക്ഷേപം ഏറ്റുവാങ്ങാൻ തയ്യാറുള്ളതിനാൽ ആരോടും മാപ്പ് പറയില്ല. ജാതി സർവേ ആവശ്യവുമായി മുന്നോട്ടു പോകും-രാഹുൽ പറഞ്ഞു. പരാമർശത്തിൽ അനുരാഗ് താക്കൂർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടു. അനുരാഗ് താക്കൂർ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണോ രാഹുലിനെ അപമാനിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.