ന്യൂഡൽഹി: മുൻ ആരോഗ്യ സെക്രട്ടറിയും ആന്ധ്രാപ്രദേശ് കേഡർ 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയുമായ പ്രീതി സുദനെ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്‌.സി) ചെയർപേഴ്‌സണായി കേന്ദ്രസർക്കാർ നിയമിച്ചു. ഇന്ന് ചുമതലയേൽക്കും. വ്യക്തിപരമായ കാരണങ്ങളാൽ മനോജ് സോണി രാജിവച്ച ഒഴിവിലാണ് നിയമനം.

കൊവിഡ് മഹാമാരി വ്യാപിച്ച 2020ൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിയായിരുന്നു. 2022 നവംബർ മുതൽ യു.പി.എസ്.സി അംഗമാണ്. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും സാമൂഹിക നയത്തിലും ആസൂത്രണത്തിലും ബിരുദവും വാഷിംഗ്ടണിൽ പബ്ലിക് ഫിനാൻസ് മാനേജ്മെന്റിൽ പരിശീലനവും നേടിയിട്ടുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയായും വനിത-ശിശുവികസന, പ്രതിരോധ മന്ത്രാലയങ്ങളിലും പ്രവർത്തിച്ചു. മുൻപ് ലോകബാങ്കിന്റെ ഉപദേശകയായിരുന്നു.


മോദി സർക്കാരിന്റെ 'ബേഠി ബച്ചാവോ ബേഠി പഠാവോ, ആയുഷ്മാൻ ഭാരത്, ഇ-സിഗരറ്റ് നിരോധനം, ദേശീയ മെഡിക്കൽ കമ്മിഷൻ നിയമനിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.