ddd

ന്യൂഡൽഹി/തിരുവനന്തപുരം: വയനാട്ടിലെ കൂട്ടമരണത്തിൽ നാട് വിറങ്ങലിച്ച് നിൽക്കെ,​ മഴ മുന്നറിയിപ്പ് കേരളം അവഗണിച്ചത് ദുരന്ത കാരണമായെന്ന് ഗുരുതര ആരോപണമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. 9 എൻ.ഡി.ആർ.എഫ് ടീമുകളെ അയച്ചെന്നും എന്നിട്ടും യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും ഷാ പാർലമെന്റിൽ പറഞ്ഞു.

ഷായുടെ വാക്കുകൾ വസ്തുതാവിരുദ്ധമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പരസ്പരം പഴിചാരേണ്ട സമയമല്ല. ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് വേണ്ടത്. കേന്ദ്രമന്ത്രി മുന്നറിയിപ്പ് എപ്പോഴും അതീവ ഗൗരവത്തോടെ പരിഗണിക്കാറുണ്ട്. പ്രശ്നം ഉണ്ടാകുമ്പോൾ ആരുടെയെങ്കിലും പെടലിക്കുവച്ച്,​ ഉത്തരവാദിത്വം ഞങ്ങൾക്കല്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും വിമർശിച്ചു.

24നും 25നും കൃത്യമായ

മുന്നറിയിപ്പ്: ഷാ

 ഒരാഴ്‌ച മുൻപ് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന ലോകോത്തര സംവിധാനം കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതു പ്രകാരം ആളപായം കുറയ്‌ക്കാനുള്ള നടപടി കൈക്കൊള്ളുന്നു

 കേരളത്തിലടക്കം മഴ കനക്കുമെന്ന് ജൂലായ് 18ന് തന്നെ മുന്നറിയിപ്പ് നൽകി. 26ന് 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയെന്നും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാമെന്നും 24, 25 തീയതികളിൽ മുന്നറിയിപ്പ്

 23ന് എൻ.ഡി.ആർ.എഫ് ടീമിനെ അയച്ചു. ആളുകളെ മാറ്റേണ്ടത് സംസ്ഥാന ഉത്തരവാദിത്വം. ഗുജറാത്തിലും മുൻപ് കേരളത്തിലും മുന്നറിയിപ്പ് അടിസ്ഥാനത്തിൽ ആളപായം ഒഴിവാക്കി

 വയനാട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആറു വർഷം മുൻപ് ഡൽഹി ഐ.ഐ.ടി ശുപാർശയുണ്ട്. മുണ്ടക്കൈയിലെ 4000 കുടുംബങ്ങളും അങ്ങനെ ഒഴിപ്പിക്കേണ്ടവരായിരുന്നു

 മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം. മുന്നറിയിപ്പ് ചിലപ്പോൾ തെറ്റിയേക്കാം. എന്നാലും ആളുകളെ ഒഴിപ്പിക്കുന്നതിൽ വീഴ്‌ച പാടില്ലായിരുന്നു

പ്രവചിച്ചതിന്റെ ഇരട്ടി

മഴ: പിണറായി

 ദുരന്ത ദിവസം ഓറഞ്ച് അലർട്ടായിരുന്നു. 115 - 204 മില്ലിമീറ്റർ മഴയായിരുന്നു കേന്ദ്ര മുന്നറിയിപ്പ്. എന്നാൽ ആദ്യം 200,​ അടുത്ത 24 മണിക്കൂറി ൽ 372 മില്ലിമീറ്റർ എന്നിങ്ങനെ 48 മണിക്കൂറിൽ 572 മില്ലിമീറ്റർ പെയ്തു

 ദുരന്തത്തിന് മുമ്പ് ഒരുതവണ പോലും പ്രദേശത്ത് റെഡ് അലർട്ട് നൽകിയില്ല. 29ന് ഉച്ചയിലെ മുന്നറിയിപ്പിലും വയനാടിന് ഓറഞ്ച് അലർട്ടാണ്. അപകടശേഷം രാവിലെ ആറിനാണ് റെഡ് അലർട്ട് വരുന്നത്

 ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വയനാട്ടിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. 23 മുതൽ 28 വരെ ഒരു ദിവസം പോലും ഓറഞ്ച് അലർട്ട് നൽകിയിട്ടില്ല

 വയനാടിന് 30,31 തീയതികളിൽ നൽകിയ മണ്ണിടിച്ചിൽ/ ഉരുൾപൊട്ടൽ മുന്നറിയിപ്പിൽ പച്ച അലർട്ടായിരുന്നു. കേന്ദ്ര ജലകമ്മിഷൻ ഇരുവഴഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുമില്ല

 മുൻകൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഴക്കാലം തുടങ്ങുമ്പോൾ തന്നെ എൻ.ഡി.ആർ.എഫ് സംഘത്തെ ലഭ്യമാക്കി. 9 സംഘങ്ങളിൽ ഒന്നിനെ വയനാട്ടിൽ മുൻകൂറായി വിന്യസിച്ചിരുന്നു.