യു.പി.എസ്.സി പരീക്ഷകൾ എഴുതുന്നതിന് സ്ഥിരം വിലക്ക്
ന്യൂഡൽഹി : തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടെ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന പൂജാ ഖേദ്കറുടെ ഐ.എ.എസ് സെലക്ഷൻ യു.പി.എസ്.സി റദ്ദാക്കി. യു.പി.എസ്.സി പരീക്ഷകൾ എഴുതാൻ സ്ഥിരം വിലക്കും ഏർപ്പെടുത്തി.
സിവിൽ സർവീസ് പരീക്ഷാ ചട്ടങ്ങൾ പൂജ ഖേദ്കർ ലംഘിച്ചതായി യു.പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. കാരണം കാണിക്കൽ നോട്ടീസിന് ജൂലായ് 25നകം മറുപടി നൽകാൻ നിർദ്ദേശിച്ചിരുന്നു. ആഗസ്റ്റ് നാലു വരെ പൂജ സമയം ആവശ്യപ്പെട്ടു. ജൂലായ് 30 വരെ സമയം നൽകിയിട്ടും മറുപടി ലഭിച്ചില്ല. രേഖകൾ പരിശോധിച്ചപ്പോൾ പൂജ കുറ്റം ചെയ്തെന്ന് കണ്ടെത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2009 - 2023 കാലയളവിൽ സിവിൽ സർവീസ് സ്ക്രീനിംഗ് പൂർത്തിയാക്കിയ 15000ലേറെ ഉദ്യോഗാർത്ഥികളുടെ രേഖകളും പരിശോധിച്ചു. ആരും തിരിമറി നടത്തിയതായി കണ്ടെത്തിയില്ലെന്നും യു.പി.എസ്.സി അറിയിച്ചു.
തട്ടിപ്പ് നടത്തിയും, വ്യാജരേഖകൾ നൽകിയും കൂടുതൽ തവണ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം തരപ്പെടുത്തിയെന്നാണ് പൂജയ്ക്കെതിരെയുള്ള ആരോപണം. ഒ.ബി.സി ക്വാട്ടയും, അംഗപരിമിതർക്കുള്ള സംവരണവും അനധികൃതമായി നേടിയെന്നും പരാതിയുയർന്നു. സ്വന്തം പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, ഒപ്പ്, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവയിലും പൂജ തിരിമറി നടത്തിയെന്ന് യു.പി.എസ്.സി കണ്ടെത്തി. ദേശീയ തലത്തിൽ 821ാം റാങ്കായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
പൂജയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. മാദ്ധ്യമ വേട്ടയാണ് നടക്കുന്നതെന്നും ഒരു ജില്ലാ കളക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കേസ് എടുത്തതെന്നും പൂജയുടെ അഭിഭാഷക വാദിച്ചു. ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ അഭിഭാഷകൻ പൂജ യു.പി.എസ്.സിയെ വഞ്ചിച്ചെന്ന് അറിയിച്ചു.