ന്യൂഡൽഹി : ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ദുരന്തത്തിൽ ആം ആദ്മി സർക്കാരിനെയും ഡൽഹി പൊലീസിനെയും വിമർശിച്ച് ഡൽഹി ഹൈക്കോടതി. സൗജന്യങ്ങൾ നൽകുന്ന സംസ്കാരം കാരണം അടിസ്ഥാനസൗകര്യവികസനത്തിന് പണം പിരിക്കുന്നില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്രിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് നിരിക്ഷിച്ചു. ദുരന്തമുണ്ടായ ഓൾഡ് രജീന്ദർ നഗർ മേഖലയിൽ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ടു പോയി കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കണം. രണ്ടുദിവസത്തിനകം ഓടകൾ വൃത്തിയാക്കണം.
സംഭവം ഉന്നതതലസമിതി അന്വേഷിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തദ്ദേശസ്ഥാപനങ്ങൾ പാപ്പരായി. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല. സംഭവത്തിൽ ആർക്കാണ് ഉത്തരവാദിത്വമെന്നോ, മുനിസിപ്പൽ കോർപ്പറേഷനിലെ ഏത് ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നോ ഇതുവരെ കണ്ടെത്തിയില്ല. പൊലീസിന്റെ കൂടി ഒത്താശയോടെയാണ് അനധികൃത നിർമ്മാണങ്ങൾ. ഉത്തരവാദിത്വം ആർക്കെന്ന് മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ഹർജിയിൽ ഡൽഹി പൊലീസിനെ എതിർകക്ഷിയാക്കി ചേർത്ത കോടതി, ഇതുവരെ സ്വകരിച്ച നടപടികൾ അറിയിക്കാൻ നിർദ്ദേശം നൽകി. നാളെ വിഷയം വീണ്ടും പരിഗണിക്കും. ഡി.സി.പിയും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറും നേരിട്ട് ഹാജരാകണം. ശനിയാഴ്ച രാത്രി റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ സ്ഥാപനത്തിൽ വെള്ളം കയറിയുണ്ടായ ദുരന്തത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്.
കേന്ദ്രത്തെ നോക്കില്ല;
സ്വന്തംനിലയിൽ നിയമം
കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനെ നോക്കിയിരിക്കില്ലെന്നും ഡൽഹി സർക്കാർ സ്വന്തംനിലയിൽ നിയമം കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി അതിഷി പറഞ്ഞു. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥരും വിദ്യാർത്ഥി പ്രതിനിധികളും ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. അനധികൃത നിർമ്മാണങ്ങൾ നടത്തിയ 200ൽപ്പരം കോച്ചിംഗ് സെന്ററുകൾക്ക് നോട്ടീസ് നൽകി. 30ൽപ്പരം ബേസ്മെന്റുകൾ അടച്ചുപൂട്ടി. ഡ്രെയിനേജ് സംവിധാനത്തിലെ കൈയേറ്റമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് മുനിസിപ്പൽ കോർപ്പേറേഷന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അതിഷി ചൂണ്ടിക്കാട്ടി. അതേസമയം, ദുരന്തം നടന്ന മേഖലയിൽ ഇന്നലെയും വിദ്യാർത്ഥി പ്രതിഷേധം തുടർന്നു. വിദ്യാർത്ഥി പ്രതിനിധികളുമായി ഡൽഹിയിലെ ക്യാബിനറ്റ് മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. നരഹത്യാകേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് തീസ് ഹസാരി കോടതി ജാമ്യം നിഷേധിച്ചു. മേഖലയിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ ആഡംബരക്കാർ ഓടിച്ച ബിസിനസുകാരനായ മനുജ് കത്തുരിയ ഉൾപ്പെടെയാണ് ജാമ്യാവശ്യം ഉന്നയിച്ചത്.