ന്യൂഡൽഹി: പുതിയ അംഗങ്ങൾ പതിവായി പാർലമെന്റിൽ ഹാജരാകണമെന്നും സദാ ജാഗരൂകരാകണമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി. സംവിധാൻ സദനിൽ(പഴയ പാർലമെന്റ്) നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ എംപിമാർ കമ്മിറ്റി ചുമതലകൾ ഗൗരവമായി ഏറ്റെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. എംപിമാർക്കായി കോൺഗ്രസ് പാർലമെന്ററി പാർട്ടി സംവിധാനത്തിന് കീഴിൽ വിപുലമായ ഗവേഷണ പിന്തുണ ഉറപ്പാക്കുമെന്ന് സോണിയ ഉറപ്പു നൽകി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്ത യോഗം വയനാട് ദുരന്തത്തിൽ അനുശോചിച്ചു.