k

വായിൽ കൊള്ളാത്ത പേരെന്ന് പരാതി

ന്യൂഡൽഹി: വ്യോമയാന മേഖലയിൽ കേന്ദ്ര സർക്കാരിന്റെ ആത്മ‌നിർഭർ ഭാരത് നയങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് 90 വർഷം പഴക്കമുള്ള എയർക്രാഫ്‌റ്റ് നിയമം ഭേദഗതി ചെയ്‌തുള്ള പുതിയ ഭാരതീയ വായുയാൻ വിധേയക് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ബില്ലിന്റെ ഹിന്ദി പേര് ദക്ഷിണേന്ത്യക്കാർക്കും മറ്റും ഉച്ചരിക്കാൻ ബുദ്ധിമുട്ടാണെന്ന് അവതരണത്തെ എതിർത്തുകൊണ്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി.

സ്വയംപര്യാപ്തതയ്‌ക്കായുള്ള ആത്മനിർഭർ ഭാരത് സംരംഭത്തെ പിന്തുണയ്‌ക്കുന്ന രീതിയിലുള്ള വിമാന രൂപകൽപ്പന, നിർമ്മാണം, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് സുഗമമാക്കൽ, നിലവിലെ നിയമത്തിലെ

അവ്യക്തതകൾ പരിഹരിക്കൽ തുടങ്ങിയവയാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കൽ, നിയന്ത്രിക്കൽ, വിമാനങ്ങൾ തടങ്കലിൽ വയ്‌ക്കൽ തുടങ്ങിയ അടിയന്തര ഉത്തരവുകൾ നൽകാൻ ബിൽ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.

ബില്ലിന്റെ ഹിന്ദി പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടാണെന്നും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭരണഘടനാ വ്യവസ്ഥകൾക്കും ഔദ്യോഗിക ഭാഷ നിയമത്തിനും വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള എയർക്രാഫ്റ്റ് ആക്ട് എന്ന പേര് തുടരുന്നതിന് എന്താണ് തടസം. ലോക്സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ഭാഷയെ സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളുണ്ട്. അതു ലംഘിക്കുന്ന ബിൽ അവതരിപ്പിക്കരുതെന്നും എംപി ചൂണ്ടിക്കാട്ടി.

എന്നാൽ ബില്ലിന്റെ പേരു മാത്രമാണ് ഹിന്ദിയിലുള്ളതെന്നും ഉള്ളടക്കം ഇംഗ്ളീഷിലാണെന്നും വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വിശദീകരിച്ചു. കഴിഞ്ഞ ലോക്‌സഭയിൽ പുതിയ ക്രിമിനൽ നിയമങ്ങളുടെ പേര് ഹിന്ദിയിലാക്കിയതിനെയും എൻ.കെ.പ്രേമചന്ദ്രൻ എതിർത്തിരുന്നു.