ഇടത്- വലത് മുന്നണികളുടെ അതിരുവിട്ട ന്യൂനപക്ഷ പ്രീണനം തുറന്നുകാണിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വലിയ ചർച്ചയ്ക്ക് വാതിൽ തുറന്നിരിക്കുകയാണ്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് മുസ്ലിം വോട്ടിനു വേണ്ടി സി.പി.എം നടത്തിയ പ്രീണനം അവർക്ക് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വോട്ട് നഷ്ടപ്പെടുത്താനിടയാക്കി എന്നാണ് അദ്ദേഹം പറഞ്ഞത്. ജനവിധിയിൽ നിന്ന് പാഠമുൾക്കൊള്ളാതെ രാജ്യസഭാ സീറ്റുകൾ നൽകിയതിലെ വിവേചനവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ ന്യൂനപക്ഷ പ്രീണന ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജവഹർലാൽ നെഹ്റു ചത്ത കുതിരയെന്നു പറഞ്ഞ് അയിത്തം കൽപ്പിച്ച് അകറ്റിനിറുത്തിയിരുന്ന മുസ്ലിംലീഗിനെ ഭരണത്തിൽ പങ്കാളിയാക്കുക മാത്രമല്ല, പിന്നീട് മുഖ്യമന്ത്രിക്കസേരയിൽ വരെ എത്തിച്ചത് ഈ പ്രീണന രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ്. ഇ.എം.എസ് സർക്കാരിന്റെ മതപ്രീണനത്തിന്റെ സൃഷ്ടിയാണ് മലപ്പുറം ജില്ല. പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറയണമെന്ന നിബന്ധന വച്ച് ക്രൈസ്തവ രാഷ്ട്രീയ പാർട്ടികളെ അകറ്റിനിറുത്തിയവർ തന്നെ അവരെ കൂടെക്കൂട്ടി അധികാരത്തിലേറിയതും കേരളംകണ്ടു. പല തവണ അധികാരത്തിൽ പങ്കാളിത്തം ലഭിച്ച മുസ്ലിംലീഗ് റവന്യു വരുമാനത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്ന വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾ നിരന്തരം കൈകാര്യം ചെയ്തുകൊണ്ട് സ്വന്തം സമുദായത്തെ വ്യവസായ, വാണിജ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയിലെത്തിക്കാൻ അവസരമൊരുക്കി.
കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി ശുപാർശ ചെയ്ത ആനുകൂല്യങ്ങൾക്ക് ഒപ്പം നിൽക്കാൻ എൽ.ഡി.എഫ് സർക്കാർ പാലൊളി കമ്മിറ്റിയെ നിശ്ചയിച്ച് അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ മുസ്ളിങ്ങൾക്കു നൽകിക്കൊണ്ട് പ്രീണനരാഷ്ട്രീയം മത്സരത്തിന്റെ തലത്തിലെത്തിച്ചു. സി.എ.എ, മുത്തലാഖ്, പാലസ്തീൻ, 370 -ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളിൽ ഇരുമുന്നണികളും കൈക്കൊണ്ട മുസ്ളിം പ്രീണനം ഹിന്ദു, ക്രിസ്ത്യൻ സമൂഹങ്ങളിൽ വലിയ അസ്വസ്ഥതയാണ് ഉളവാക്കിയത്.
ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ കുത്തിനോവിക്കുന്നതിൽ പ്രത്യേക തരം ആനന്ദം അനുഭവിക്കുന്നതായും അവർ തെളിയിച്ചു. അയോദ്ധ്യയിലെ രാമലല്ല പ്രതിഷ്ഠ, ഗണപതി മിത്ത് വിവാദം, സനാതനധർമത്തിന് എതിരായ അധിക്ഷേപം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ചുരുക്കത്തിൽ 2019-ൽ ശബരിമല പ്രക്ഷോഭകാലത്തു നടന്ന തിരഞ്ഞെടുപ്പിൽപ്പോലും ലഭിക്കാത്ത വോട്ടും സീറ്റും ബി.ജെ.പിക്ക് 2024-ൽ ലഭിക്കാനിടയായതും ഇരുമുന്നണികൾക്കും വോട്ട് ഗണ്യമായി കുറയാൻ കാരണമായതും ഈ പ്രീണനനയം തിരിച്ചടിച്ചതാണെന്ന സത്യമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞുവച്ചത്.
മതസംവരണം
സാമൂഹ്യ അനീതി
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണ്. നമ്മുടെ ഭരണഘടന ഒരു മതത്തോടും പ്രത്യേക പരിഗണനയോ ആഭിമുഖ്യമോ പുലർത്തുന്നില്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതങ്ങളിലെ സാമൂഹ്യമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കു മാത്രമാണ് 27 ശതമാനം ഒ.ബി.സി സംവരണം. 3943 ജാതികളെയാണ് വിവിധ മതവിഭാഗങ്ങളിലായി മണ്ഡൽ കമ്മിഷൻ അവശജനവിഭാഗമായി കണ്ടെത്തിയത്. മുസ്ലിം മതത്തിലെ മാപ്പിളമാരെ മാത്രമാണ് മണ്ഡൽ കമ്മിഷൻ കേരളത്തിൽ പിന്നാക്ക വിഭാഗമായി കണ്ടെത്തിയത്. എന്നാൽ, കേരളത്തിൽ മുസ്ലിങ്ങൾക്ക് 12 ശതമാനം സംവരണം നീക്കിവയ്ക്കപ്പെട്ടു.
കേന്ദ്ര സംവരണ നയമനുസരിച്ച് 22 ശതമാനം സംവരണം പട്ടികവിഭാഗങ്ങൾക്കും 27 ശതമാനം സംവരണം ഒ.ബി.സിക്കുമാണ്. കേരളത്തിൽ ജനസംഖ്യാനുപാതികമാണെന്ന ന്യായം പറഞ്ഞ് പട്ടികജാതി/വർഗ സംവരണം 10 ശതമാനമായി (8+2) കുറച്ചു. 1971-ലെ സെൻസസ് ആയിരുന്നു അടിസ്ഥാനം. 1981-ലെ സെൻസസ് പ്രകാരം 10 ശതമാനം സംവരണത്തിന് പട്ടികജാതിക്കാർ അർഹരാണ്. കേന്ദ്ര സംവരണം കേരളത്തിൽ 10 ശതമാനം നൽകുമ്പോൾ കേരള സർക്കാർ അത് 8 ശതമാനത്തിൽ തുടരുകയാണ്. ഹിന്ദുക്കളിലെ പിന്നാക്കക്കാരെ ഉദ്ദേശിച്ച് നടപ്പാക്കിയ 50 ശതമാനം സംവരണത്തിലെ 18 ശതമാനവും ജാതീയ ഉച്ചനീചത്വങ്ങൾ തീരെ അനുഭവിക്കാത്ത ന്യൂനപക്ഷ മതക്കാർക്കാണ് ലഭ്യമാകുന്നത്.
സംവരണം
അട്ടിമറിക്കാൻ
പിന്നാക്ക വിഭാഗ കമ്മിഷൻ പിന്നാക്ക വിഭാഗങ്ങളെ പുനർനിർണയിക്കണമെന്നും ജനസംഖ്യാനുപാതികമായി മുസ്ലിങ്ങൾക്കു നിശ്ചയിക്കപ്പെട്ട 12 ശതമാനം സംവരണം നിലവിലെ സാഹചര്യത്തിൽ പുന:ക്രമീകരിക്കണമെന്നുമുള്ള ആവശ്യവുമായി മൈനോറിറ്റി ഇൻഡ്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതസംവരണം 12 ശതമാനം പോരെന്നും മുസ്ലിം ജനസംഖ്യ ഈഴവരേക്കാൾ കൂടുതലാണെന്നും അതനുസരിച്ച് മുസ്ലിങ്ങൾക്ക് സംവരണ തോത് വർദ്ധിപ്പിക്കണമെന്നുമാണ് ആവശ്യം. 12 ശതമാനം സംവരണമുണ്ടായിട്ടും 11.6 ശതമാനം പ്രാതിനിദ്ധ്യമേ ലഭിച്ചിട്ടുള്ളൂ എന്നാണ് പരാതി.
അയിത്തജാതിക്കാരിൽ നിന്ന് മതം മാറുകയും അവരുടെ മുൻകാല കുലത്തൊഴിൽ തന്നെ തുടരുകയും ചെയ്യുന്നവർക്കു മാത്രമാണ് മണ്ഡൽ പിന്നാക്ക സംവരണം നൽകിയത്. 1992-ലെ ഇന്ദിരാസാഹ്നി കേസിലെ ഒൻപതംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലും ഇതാവർത്തിച്ചു. മതാടിസ്ഥാനത്തിലെ പിന്നാക്കാവസ്ഥ ഒരു തരത്തിലും സംവരണത്തിൽ പരിഗണിക്കരുതെന്ന വ്യവസ്ഥയാണ് കേരളത്തിൽ അട്ടിമറിക്കപ്പെട്ടത്. മതസംവരണം വീണ്ടുമൊരു വിഭജനത്തിന് വഴിതെളിക്കുമെന്നായിരുന്നു ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചയിൽ നെഹ്റു, സർദാർ പട്ടേൽ തുടങ്ങി ഭൂരിപക്ഷം പേരും പറഞ്ഞത്.
ഭരണഘടനാ നിർമ്മാണ സഭയിലെ 33 മുസ്ലിം അംഗങ്ങളിൽ പത്തു പേർ പാകിസ്ഥാനിലേക്ക് കുടിയേറി, ബാക്കി 23 പേരിൽ 13 പേരും മതസംവരണത്തെ എതിർത്തു. ഭരണഘടന ന്യൂനപക്ഷ സംരക്ഷണമാണ് ഉറപ്പുനൽകുന്നത്. ഇന്നത് ന്യൂനപക്ഷ അവകാശമായും ന്യൂനപക്ഷ പദവിയായും മാറി. സർക്കാർ സഹായം കൈപ്പറ്റുന്ന ന്യൂനപക്ഷ സ്ഥാപനങ്ങൾ സംവരണതത്വം പാലിക്കേണ്ടതിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലൂടെ സംവരണ വിഭാഗങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്.
കേന്ദ്ര സർക്കാർ
നിശ്ചയിക്കണം
പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയതു വഴി രാഷ്ട്രീയ നേട്ടത്തിനായി അത് ദുരുപയോഗം ചെയ്യപ്പെടുകയാണ്. സംഘടിത വോട്ട് ലക്ഷ്യമാക്കി സംസ്ഥാനങ്ങൾ അനർഹരായ സമുദായങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നു. ബംഗാളിൽ അനർഹരായ 41 മുസ്ലിം വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ നിശ്ചയിക്കുന്നതു പോലെ പിന്നാക്ക വിഭാഗങ്ങളെയും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാകണം.