ചുറ്റുമതിലിന് 1 കോടി മുടക്കാം, പട്ടികജാതി ഫ്ലാറ്റ് പൂർത്തിയാക്കാൻ 3 ലക്ഷമില്ല
കൊച്ചി: ഒരു വ്യാഴവട്ടമായി പണിതീരാത്ത കൂവപ്പടി പഞ്ചായത്തിലെ പട്ടികജാതി ഭവനപദ്ധതിയുടെ ഭൂമി ഗുണഭോക്താക്കൾക്ക് കൈമാറാൻ പഞ്ചായത്ത് നീക്കം തുടങ്ങി. ഒന്നരയേക്കർ ഭൂമി വിലയ്ക്ക് വാങ്ങി 2012ൽ പഞ്ചായത്ത് ആരംഭിച്ചതാണ് പദ്ധതി. ഇതിൽ ആകെ പണിതത് നാല് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന രണ്ട് ഇരുനില കെട്ടിടങ്ങൾ മാത്രം. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ് കെട്ടിടം പണിയാൻ കഴിയാത്ത സ്ഥിതിയിൽ ഭൂമി ഗുണഭോക്താക്കൾക്ക് നൽകാനുള്ള നിയമസാദ്ധ്യതകൾ തേടാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസും ഹിന്ദു ഐക്യവേദിയും പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു.
ഭവനപദ്ധതിയുടെ ആദ്യഘട്ടമായ നാല് വീടുകൾ പൂർത്തിയാക്കാൻ വേണ്ട 3 ലക്ഷം രൂപയില്ലെന്നാണ് കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ നിലപാട്. 2016ലാണ് രണ്ട് നിലകളിലായി 4 വീടുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തീകരിച്ച് ഉദ്‌ഘാടനം നടത്തിയത്. എന്നാൽ, അർഹരെ കണ്ടെത്തി ഈ വീടുകൾ കൈമാറ്റം ചെയ്തിട്ടില്ല. ഫ്ലാറ്റൊന്നിന് 3.50 ലക്ഷം രൂപ വകയിരുത്തി പണികളാരംഭിയ്ക്കുകയും 7ലക്ഷംരൂപ ചെലവഴിക്കുകയും ചെയ്തു. പണി പൂർണമാകണമെങ്കിൽ ഇനിയും 3 ലക്ഷം രൂപ കൂടി വേണം. ഈ ഭൂമിയിൽ ഒരുകോടി രൂപ ചെലവിൽ ചുറ്റുമതിലും ലക്ഷങ്ങൾ മുടക്കി കമ്മ്യൂണിറ്റി ഹാളും നിർമ്മിച്ചിട്ടുണ്ട്. പട്ടികജാതി ഭവനപദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് ഹിന്ദു ഐക്യവേദിയും രംഗത്തുവന്നിട്ടുണ്ട്.
അഴിമതി പദ്ധതി
ഗുരുതരമായ അഴിമതിയും അധികൃതരുടെ അലംഭാവവുമാണ് കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ പട്ടികജാതി ഭവന സമുച്ചയ നിർമ്മാണ പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണം. പട്ടികജാതിക്കാരെ പഞ്ചായത്ത് വഞ്ചിക്കുകയാണ്.
എൻ.എം.ഗിരീഷ്
പഞ്ചായത്ത് സമിതി സെക്രട്ടറി
ഹിന്ദു ഐക്യവേദി
കീറാമുട്ടി
സർക്കാർ ഫണ്ട് നൽകാതെ പദ്ധതി പൂർത്തിയാക്കാനാവില്ല. പഞ്ചായത്തിന്റെ പക്കൽ ഒരു വീട് പണിയാൻ പോലും ഫണ്ടില്ല. സർക്കാർ പതിച്ചുനൽകാൻ ഉത്തരവിടാതെ പഞ്ചായത്ത് ഭൂമി ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റി നൽകാനുമാവില്ല. സർക്കാർ ഇടപെടാതെ പ്രശ്നം പരിഹരിക്കാനാവില്ല.
ബേബി തോപ്പിലാൻ
വാർഡ് മെമ്പർ, കൂവപ്പടി പഞ്ചായത്ത്