p1

കൊച്ചി: ദൈവത്തിന്റെ സ്വന്തംനാട്ടിൽ മഴപെയ്താൽ പരദേശി മണിലാൽകുമാർ ചൗരസ്യയ്ക്ക് കോളടിക്കും. ഹൈക്കോടതി ജംഗ്ഷനിലെ പോളിത്തീൻ മഴക്കോട്ടുകളുടെ (മഞ്ഞക്കോട്ട്) പ്രധാന വില്പനക്കാരനാണ് മണിലാൽ. കഴിഞ്ഞ പെരുമഴയിൽ ഈ നാല്പതുകാരൻ വിറ്റഴിച്ചത് 500 കോട്ടുകൾ ! കേരളത്തിൽ ട്രെൻഡായ 'മഞ്ഞക്കോട്ട്' വഴി ഇത്തരത്തിൽ ഭാഗ്യംതെളിഞ്ഞ നൂറുകണക്കിന് കച്ചവടക്കാരുണ്ട്.

മൂന്നുവർഷംമുമ്പാണ് തലവഴി ധരിക്കേണ്ട ബട്ടണും സിബ്ബും ഇല്ലാത്ത ചൈനീസ് പോളിത്തീൻ മഴക്കോട്ടുകൾ വിപണിയിൽ എത്തിയത്. 100രൂപ കോട്ടുകൾ ഹിറ്റായി. സാധാരണ കോട്ടുകളിൽ സിബ്ബിനിടയിൽകൂടി വെള്ളമിറങ്ങുമെങ്കിൽ ഒരുതുള്ളി വെള്ളംപോലും മഞ്ഞക്കോട്ടിലൂടെ ഉള്ളിൽചെല്ലില്ലെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം.

വഴിയരികിൽ ഹെൽമെറ്റ് റിപ്പയറായായിരുന്ന മണിലാൽ പണികുറഞ്ഞ് പട്ടിണിയുടെ വക്കിലെത്തിയപ്പോഴാണ് മഞ്ഞക്കോട്ട് വില്പനയ്ക്ക് ഇറങ്ങിയത്. "ഇക്കൊല്ലം കച്ചവടം ഉഷാറാണ്. 600 എണ്ണംവരെ വിറ്റ ദിവസമുണ്ട്" മണിലാൽ പറഞ്ഞു. എറണാകുളം മാർക്കറ്റിൽ നിന്നാണ് കോട്ടുകൾ വാങ്ങുന്നത്.

2006ൽ ഹെൽമെറ്റ് നിർബന്ധമാക്കിയ കാലത്താണ് മണിലാൽ സകുടുംബം കൊച്ചിക്ക് വണ്ടികയറിയത്. ഭാര്യ സഞ്ജുദേവിയും മൂത്തമകൻ ബിട്ടുകുമാറും നഗരത്തിൽ മഴക്കോട്ട് വില്പനയുമായി സജീവം. മഴക്കാലം കഴിഞ്ഞാൽ വീണ്ടും ഹെൽമെറ്റ് പണിക്കിറങ്ങും. ഇടപ്പള്ളിയിൽ വാടകയ്ക്കാണ് താമസം. മകൾ അസികകുമാരി നഗരത്തിലെ കോളേജിൽ ബി.കോമിന് പഠിക്കുന്നു. ഇളയമകൻ ചിട്ടു ഇടപ്പള്ളി ഹൈസ്കൂളിലാണ് പഠനം. കേരളത്തിൽ വീടുവയ്ക്കണമെന്നാണ് ആഗ്രഹം.

* മഞ്ഞയാണ് താരം

ഏറ്രവുമധികം വിറ്റുപോകുന്നത് മഞ്ഞക്കോട്ടുകളാണ്. സ്ത്രീകൾക്ക് പ്രിയം പിങ്ക്. സുതാര്യമാണെന്നതാണ് ഈ വർഷത്തെ പുതുമ. കുട്ടികൾക്കുള്ള ചെറിയകോട്ടും ലഭ്യമാണ്. പ്രമുഖ കമ്പനികളും പോളിത്തീൻ കോട്ടുകളുമായി രംഗത്തിറങ്ങി.

തരംഗമാകാൻ കാരണം

• 100രൂപമാത്രം വില

• എളുപ്പം ധരിക്കാം

• പെരുമഴയിലും ചോരില്ല

• ബാഗിൽവയ്ക്കാം

10മുതൽ 15രൂപ വരെയാണ് ലാഭം. 1,000രൂപ മുടക്കി ബ്രാൻഡഡ് കോട്ടുവാങ്ങിയിരുന്നവർ പോലും ഇപ്പോൾ പോളിത്തീൻ മഴക്കോട്ടിലേക്ക് മാറി.

മണിലാൽകുമാർ ചൗരസ്യ