ചോറ്റാനിക്കര: ചോറ്റാനിക്കര ശ്രാമപഞ്ചായത്തിലെ കുടുംബശ്രീ സൂപ്പർമാർക്കറ്റ് വിഷയത്തിൽ സമരത്തിന് ഒരുങ്ങി യു.ഡി.എഫ് നേതൃത്വം. ഷോപ്പിംഗ് കോംപ്ലക്സിലെ 11 കടമുറികൾ കുടുംബശ്രീകൾക്ക് സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന് നൽകാനുള്ള തീരുമാനം പിൻവലിച്ചു. എന്നാൽ 11 കടമുറികൾ ഒരു യൂണിറ്റായി ലേലംചെയ്യാനും ഈ ലേലത്തിൽ സൊസൈറ്റികൾക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. ഈ തീരുമാനം പഞ്ചായത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഓരോ കടമുറിയും പ്രത്യേകമായി ലേലം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു.

കുടുംബശ്രീ വനിതകൾക്കുവേണ്ടി സൊസൈറ്റി രൂപീകരിച്ച് സൂപ്പർമാർക്കറ്റെന്ന ആശയത്തിന്റെ മറവിൽ പാർട്ടിക്കുള്ളിലെ മുതലാളിമാരെ സഹായിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് വലിയ അഴിമതിയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയകുമാർ പറഞ്ഞു.