പള്ളുരുത്തി: നാട്ടുകാർക്ക് നടക്കാൻപോലും ഇടമില്ലാതെ പള്ളുരുത്തി വെളിയിലെ ഫുട്പാത്ത് കൈയടക്കി മാലിന്യക്കൂമ്പാരം. വെളിയിലെ എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലെ ഫുട്പാത്താണ് മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നത്. ഹരിതകർമ്മസേന ചാക്കിൽ നിറച്ച മാലിന്യമാണ് ഫുട്പാത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഇത് യഥാസമയം നീക്കംചെയ്യാത്തതാണ് പ്രശ്നം. അടിയന്തരമായി മാലിന്യം നീക്കണമെന്ന് ബാങ്ക് ജീവനക്കാർ കോർപ്പറേഷൻ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ബാങ്കിന് പുറമെ സമീപത്തെ ഹോൾസെയിൽ പച്ചക്കറി മാർക്കറ്റ്, ആശുപത്രി, ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, പാർട്ടി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്നവരും ഫുട്പാത്തിലെ മാലിന്യംകൊണ്ട് ബുദ്ധിമുട്ടുകയാണ്. പള്ളുരുത്തി വെളി മാർക്കറ്റിൽ വരുന്നവർക്കും ഇത് തലവേദനയാണ്. നിരവധി കച്ചവട സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ ഫുട്പാത്തിലെ മാലിന്യം കച്ചവടത്തെയും ദോഷകരമായി ബാധിക്കുന്നു.
* നിർമ്മിച്ചത് ലക്ഷങ്ങൾ മുടക്കി
ദിനേശ് മണി എം.എൽ.എ ആയിരിക്കുന്ന കാലത്താണ് പള്ളുരുത്തി മുതൽ മരുന്നുകടവരെ ലക്ഷങ്ങൾ മുടക്കി ഫുട്പാത്ത് മനോഹരമായി നിർമ്മിച്ചത്. റോഡിലെ തിരക്കുമൂലം യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും സുരക്ഷിതമായി യാത്രചെയ്യാനാണ് ഇത് നിർമ്മിച്ചത്. വഴിയരികിൽ ആഡംബരവിളക്കും നിർമ്മിച്ചു. സമീപത്തുതന്നെ മാർക്കറ്റും ഓട്ടോറിക്ഷ സ്റ്റാൻഡും ഉള്ളതിനാൽ ഫുട്പാത്ത് യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. അവിടമാണ് ഇപ്പോൾ നടക്കാൻപോലും ഇടമില്ലാതാക്കി ഇട്ടിരിക്കുന്നത്. ദിവസവും മാറ്റേണ്ട മാലിന്യം രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോഴാണ് കോർപ്പറേഷൻ നീക്കം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു,
ഡിവിഷൻ കൗൺസിലർ ഇടപെട്ട് മാലിന്യം നീക്കി യാത്രക്കാർക്ക് നടക്കാൻ സൗകര്യം ഒരുക്കണം
ബാബു വെളിയത്ത്
പൂക്കച്ചവടക്കാരൻ