• തണ്ണീർമുക്കം ബണ്ട് റൂട്ടിലൂടെ പുതിയ സർവീസ്
കൊച്ചി: അരൂർ - തുറവൂർ എലവേറ്റഡ് ഹൈവേ പണിമൂലം ദേശീയപാതയിലെ അഴിയാക്കുരുക്കിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി എറണാകുളം, ആലപ്പുഴ ഡിപ്പോകളുടെ 'സർജിക്കൽ ഓപ്പറേഷൻ'. ബ്ലോക്കിൽ കുടുങ്ങിക്കിടക്കാതെ യാത്രചെയ്യാൻ ആലപ്പുഴ ഡിപ്പോയിൽനിന്ന് എറണാകുളത്തേക്ക് പുതിയ സർവീസ് ആരംഭിച്ചു. എറണാകുളം ഡിപ്പോയും ഈ റൂട്ടിൽ ഉടനെ സർവീസ് തുടങ്ങും. പത്തുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ സർവീസ്. രണ്ടുദിവസംമുമ്പ് ആരംഭിച്ച റൂട്ടിൽ യാത്രക്കാർ കുറവാണ്. 92 രൂപയാണ് യാത്രാ നിരക്ക്. യാത്രക്കാരിലേക്ക് വിവരം എത്തുന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ വിജയമാകുമെന്നാണ് പ്രതീക്ഷ.
ഒന്നേമുക്കാൽ മണിക്കൂറാണ് ദേശീയപാതയിലൂടെ ആലപ്പുഴ - എറണാകുളം യാത്രാസമയം. നിരന്തര ബ്ലോക്ക് മൂലം മൂന്ന് മണിക്കൂർ കൊണ്ടാണ് ഇപ്പോൾ ബസ് എറണാകുളത്ത് എത്തുന്നത്. തിരിച്ചും ഇതേ അവസ്ഥയാണ്. ഇതിൽനിന്ന് യാത്രക്കാരുടെ ക്ളേശം കുറക്കാനാണ് പുതിയ സർവീസ്. രണ്ട് മണിക്കൂർ 10 മിനിറ്റ് കൊണ്ട് എറണാകുളത്തെത്തും. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെ രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് രാവിലെയും വൈകിട്ടുമായി സർവീസിനിറക്കിയത്.
വൈറ്റില - തണ്ണീർമുക്കം റൂട്ടിലെ സർവീസ്
• വൈകിട്ട് 5നും 5.25നും : എറണാകുളം, വൈറ്റില- തൃപ്പൂണിത്തുറ, വൈക്കം, തണ്ണീർമുക്കം, ചേർത്തല, കഞ്ഞിക്കുഴി, കലവൂർവഴി ആലപ്പുഴ
• രാവിലെ 6.10ന് (ഫാസ്റ്റ്) : ആലപ്പുഴ, കലവൂർ, കഞ്ഞിക്കുഴി, ചേർത്തല, തണ്ണീർമുക്കം, വൈക്കം, തൃപ്പൂണിത്തുറ വഴി വൈറ്റില, എറണാകുളം
• രാവിലെ 7.30ന് (ഫാസ്റ്റ്): ആലപ്പുഴ, കലവൂർ, കഞ്ഞിക്കുഴി, ചേർത്തല, തണ്ണീർമുക്കം, വൈക്കം, തൃപ്പൂണിത്തുറവഴി വൈറ്റില, എറണാകുളം
എറണാകളം ഡിപ്പോ സർവീസ് ഉടൻ
ആലപ്പുഴ ഡിപ്പോയിൽനിന്ന് ആരംഭിച്ചതുപോലെ എറണാകുളം, വൈറ്റില സ്റ്റാന്റുകളിൽനിന്ന് സർവീസ് ആരംഭിക്കാനുള്ള നടപടികളിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
നിലവിൽ രണ്ട് ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർ കൂടുതലായി എത്തിയാൽ കൂടുതൽ സവീസ് നടത്തും
എ. അജി
എ.ടി.ഒ., ആലപ്പുഴ