കൊച്ചി: സ്ഥിതിസമത്വമല്ല,സമൂഹിക അംഗീകാരമാണ് യഥാർത്ഥ സ്ത്രീശാക്തീകരണമെന്ന് കേരളകൗമുദി സംഘടിപ്പിച്ച, 'വനിതാശാക്തീകരണം പുതിയ സാദ്ധ്യതകൾ, അവസരങ്ങൾ' എന്ന കോൺക്ലേവ് വിലയിരുത്തി.
അനു അമൃത
(മ്യൂറൽ ആർട്ടിസ്റ്റ് )
കലാ മേഖലയിൽ കഴിവ് തെളിയിച്ചിട്ടും സ്ത്രീ എന്ന നിലയിൽ ഇന്നും കടുത്ത വിവേചനങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. കേരളത്തിലെ 14 ക്ഷേത്രങ്ങളിൽ ചിത്രപ്പണികളും അലങ്കാരശില്പങ്ങളും ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട്. ചില ക്ഷേത്രങ്ങളുടെ ശ്രീകോവിലിനുള്ളിലെ പീഠം കഴുകി പെയിന്റടിച്ച് ഭംഗിയാക്കിയിട്ടുണ്ട്. എന്നാൽ ഇതേ ക്ഷേത്രത്തിലെ ആചാരകാര്യം വരുമ്പോൾ സ്ത്രീ എന്ന നിലയിൽ തൊട്ടുകൂടായ്മ അനുഭവിച്ചിട്ടുണ്ട്.
തെരേസ ജോസഫ്
ജോർജ്
(സി.ഇ.ഒ ആൻഡ് ഡയറക്ടർ, തോട്ട് ഫാക്ടറി ഡിസൈൻ & വയകേരള ക്രിയേറ്റീവ്)
ശാക്തീകരണത്തെ കുറിച്ച് എല്ലാവരും സംസാരിക്കുമ്പോഴും തുല്യത എന്ന അവസ്ഥ നേടിയെടുക്കാൻ പുരുഷൻ അദ്ധ്വാനിക്കുന്നതിന്റെ ഇരട്ടി അദ്ധ്വാനമാണ് സ്ത്രീകൾക്ക് വേണ്ടിവരുന്നത്. മാറിയ പെൺകുട്ടികളെ മനസിലാക്കാൻ സാധിക്കുന്ന ആൺകുട്ടികളുണ്ടാവണം.
പർവീൺ ഹഫീസ്
(മാനേജിംഗ് ഡയറക്ടർ, സൺറൈസ് ഹോസ്പിറ്റൽസ് )
ആരോഗ്യമേഖലയിൽ ലിംഗവിവേചനമില്ല. അതേസമയം സ്ത്രീകൾക്ക് മുൻതൂക്കമുള്ള ചില മേഖലകൾ ഉണ്ട്. ഉദാഹരണത്തിന് നഴ്സിംഗ് മേഖലയിൽ ഇന്നും 90 ശതമാനം സ്ത്രീകളാണ്. അതുപോലെ ടെലിഫോൺ ഓപ്പറേറ്റർ, ക്യാഷ്യർ തുടങ്ങിയ തസ്തികകളിലൊക്കെ സ്ത്രീകൾ ജോലിചെയ്യുന്നതാണ് കൂടുതൽ സ്വീകാര്യത. ഒരു സ്ത്രീ എന്ന നിലയിൽ യാതൊരുപരിമിതിയും ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല.
ജീന ഫെർണാണ്ടസ്
(ഡയറക്ടർ, ബെസ്റ്റിനേഷൻ ഹോളിഡേയ്സ്)
22 വർഷം മുമ്പ് വിനോദസഞ്ചാര മേഖലയിൽ സ്ത്രീകൾ കടന്നുവരാൻ മടിച്ചുനിന്ന കാലത്ത് അന്താരാഷ്ട്ര ടൂർ കോ-ഓർഡിനേറ്ററായി സ്വയം മുന്നോട്ടുവന്നപ്പോൾ ഒരിടത്തുനിന്നും വിവേചനം നേരിടേണ്ടിവന്നിട്ടില്ല. ഇന്ന് 16 സ്ത്രീകൾ ജോലിചെയ്യുന്ന ടൂർ ആൻഡ് ട്രാവൽ ഏജൻസിയാണ്. കൂടെയുള്ളവരെ ജീവനക്കാരായല്ല, താനായി തന്നെയാണ് കാണുന്നത്. അവരും സംരംഭകരായി വളർന്നുവരണമെന്നാണ് ആഗ്രഹം.
അഡ്വ. സംഗീത
വിശ്വനാഥൻ
(സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വനിതസംഘം കേന്ദ്രസമിതി)
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ശ്രീനാരായണ വനിതസംഘത്തിന്റെ സംസ്ഥാന സെക്രട്ടറി, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി, അഭിഭാഷക എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ സ്ത്രീ എന്ന നിലയിൽ യാതൊരു പരിമിതിയും നേരിടേണ്ടിവന്നിട്ടില്ല.
ഷീല കൊച്ചൗസേപ്പ്
ചിറ്റിലപ്പിള്ളി
(മാനേജിംഗ് ഡയറക്ടർ, വി സ്റ്റാർ ക്രിയേഷൻസ്് )
വനിതാ ശാക്തീകരണം കൂടുതൽ ശക്തമാകേണ്ടതുണ്ട്. ഇപ്പോഴുള്ള മുന്നേറ്റങ്ങൾ കുറവാണ് എന്നല്ല. കാതലായമാറ്റങ്ങൾ കൂടി അനിവാര്യമാണെന്നാണ്. സ്ത്രീകൾക്കായി വി. സ്റ്റാർ ക്രിയേഷൻ കമ്പനി അടിവസ്ത്രങ്ങൾ വിപണിയിൽ എത്തിച്ചപ്പോൾ, പരസ്യങ്ങൾ നൽകാൻ പോലും മാഗസിനുകൾ താത്പര്യം കാണിച്ചിരുന്നില്ല. ഇന്ന് സമൂഹത്തിന്റെ ചിന്താശേഷിയിൽ വലിയമാറ്റം വന്നു. അതിന് ഉദാഹരണമാണ് മാഗസിനുകളുടെയെല്ലാം ഉൾപ്പേജുകളിലെ പരസ്യങ്ങൾ. തനിക്കും വി.സ്റ്രാറിനും ഇക്കാര്യത്തിൽ സമൂഹത്തിൽ ചെറുതൊയൊരു മാറ്റംകൊണ്ടുവരാൻ സാധിച്ചതിൽ അഭിമാനമുണ്ട്.
ഡോ. ദേവിക മേനോൻ
(ഡയറക്ടർ, പ്രിൻസി വേൾഡ് ട്രാവൽസ്)
വനിതാ ശാക്തീകരണം എല്ലാ മേഖലകളിലും അനിവാര്യമാണ്. സമൂഹത്തിൽ ഇപ്പോഴുണ്ടായ മാറ്റം ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഈ മേഖലയിൽ തൊഴിലവസരങ്ങളുടെ അനന്ത സാദ്ധ്യതകളാണ് തുറന്നിരിക്കുന്നത്.
പ്രീതി പറക്കാട്ട്
(ഡയറക്ടർ, പറക്കാട്ട് ജ്വവൽസ്)
വിവാഹശേഷം ജോലിക്ക് പോകണമെന്നായിരുന്നു ആഗ്രഹം. ജോലിക്ക് പോകേണ്ടെന്നായിരുന്നു ഭർത്താവ് പ്രകാശ് പറക്കാട്ട് പറഞ്ഞത്. കേട്ടപ്പോൾ ആദ്യം മനസ് തളർന്നുപോയി. എന്നാൽ തൊട്ടുപിന്നാലെ എത്തിയ ചോദ്യമാണ് തന്നെ ഈ വേദിയിൽ ഇരക്കാനുള്ള നിലയിലേക്ക് ഉയർത്തിയത്. എം.ബി.എ പഠിച്ചയാൾ ഒരു ബിസിനസ് തുടങ്ങിയാൽ പേരെയെന്നായിരുന്നു അത്. ജീവിതം മാറ്റിമറിച്ച ചോദ്യം.