* വില്ലനായത് വന്ദേഭാരത്

കൊച്ചി: യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് എറണാകുളം - കായംകുളം പാസഞ്ചറിന്റെ വൈകിട്ടത്തെ സമയമാറ്റം യാത്രക്കാർക്ക് ഇരട്ടി പ്രഹരമായി. യാത്രക്കാർക്ക് സഹായകമാകുമെന്ന വാഗ്ദാനത്തോടെ ട്രെയിനിന്റെ സമയം മാറ്റിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ ഭാരവാഹികൾ പറയുന്നു.

മുമ്പ് വൈകിട്ട് ആറിന് എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്ന കായംകുളം പാസഞ്ചർ 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം യാത്രക്കാരാണ് ട്രെയിനിൽ നിത്യേന യാത്രചെയ്യുന്നത്. രാത്രി ഏറെ വൈകി വിവിധ സ്റ്റേഷനുകളിൽ എത്തുന്നത് പ്രശ്നമായതോടെ ആറുമാസംമുമ്പ് ട്രെയിനിന്റെ സൗത്തിൽനിന്ന് പുറപ്പെടുന്ന സമയം വൈകിട്ട് 6.25 ആക്കി. ട്രെയിൻ വീണ്ടും വന്ദേഭാരത് കടന്നുപോകുന്നതിന് അഞ്ചുമുതൽ 10 മിനിറ്റുവരെ കുമ്പളത്ത് പിടിച്ചിടുകയാണ്. സമയമാറ്റംകൊണ്ട് യാതൊരു ഗുണവും യാത്രക്കാർക്ക് കിട്ടിയതുമില്ല. നാലുമണിക്കും 4.20നുമുള്ള രണ്ട് ട്രെയിനുകൾ പോയാൽ ആലപ്പുഴയ്ക്ക് പിന്നീടുള്ള ട്രെയിൻ എറണാകുളം-കായംകുളം പാസഞ്ചറാണ്. കുമ്പളത്തുനിന്ന് യാത്രതുടർന്നാൽ രാത്രി 9.30നാണ് കായംകുളത്ത് എത്തുന്നത്. മുമ്പ് 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിനാണ് ഇത്രയും വൈകുന്നത്.

വന്ദേഭാരത് ക്രോസിംഗ് തുറവൂരാക്കണം

നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കാൻ പാസഞ്ചർ വൈകിട്ട് ആറിന് എറണാകുളം സൗത്തിൽനിന്ന് പുറപ്പെട്ട് വന്ദേഭാരതിന്റെ ക്രോസിംഗ് തുറവൂരാക്കി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അരൂർ - തുറവൂർ ദേശീയപാതയിൽ എലവേറ്റഡ് ഹൈവേ നിർമ്മാണപ്രവർത്തനങ്ങൾ കാരണം ഗതാഗതക്കുരുക്ക് പതിവായതിനാൽ ഇതുവഴിയുള്ള ബസ് യാത്രയും ദുരിതമാണ്.

സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു

ട്രെയിൻ വൈകുന്നതിനാൽ എറണാകുളത്ത് സെയിൽസ് ഗേളായും സ്വീപ്പർ തസ്തികകളിലുമടക്കം ജോലിചെയ്യുന്ന നിരവധി സ്ത്രീകൾ ജോലി ഉപേക്ഷിച്ചു. രാത്രി വൈകി ട്രെയിൻ എത്തുമ്പോൾ ഇവർക്ക് വീട്ടിലേക്ക് പോകാൻ ബസ് സർവീസുകൾ ഉണ്ടാവില്ല. 8.30ന് സ‌ർവീസ് അവസാനിപ്പിക്കുന്ന ബസുകളാണ് കൂടുതലും. പിന്നീട് ഓട്ടോ പിടിച്ച് പോകേണ്ടതിനാൽ ശമ്പളം മിച്ചംപിടിക്കാൻ പറ്റാത്ത അവസ്ഥയാണ്.

യാത്രക്കാരുടെ അവസ്ഥ മനസിലാക്കി റെയിൽവേ പിടിവാശി ഉപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ എം.പിക്ക് ആയിരത്തോളം യാത്രക്കാർ ഒപ്പിട്ട നിവേദനം നൽകി. പ്രശ്നം പരിഹരിക്കാൻ നടപടി എടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

ജെ. ലിയോൺസ്,

സെക്രട്ടറി,

ഫ്രണ്ട്സ് ഓൺ റെയിൽ