കൊച്ചി: കേന്ദ്രാനുമതി കാത്തിരിക്കുന്ന അയ്യമ്പുഴയിലെ നിർദ്ദിഷ്ഠ 'ഗിഫ്റ്റ് സിറ്റി'യുടെ പേര് ഇനിമുതൽ 'ഗ്ലോബൽ സിറ്റി' എന്നാകും.
' ഗിഫ്റ്റ് ' എന്നപേരിൽ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി ഗുജറാത്തിൽ നടപ്പിലാക്കിയതിനെത്തുടർന്നാണ് കേരളം പദ്ധതിയുടെ പേര് മാറ്റുന്നത്. 'ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ്' എന്നതിന്റെ ചുരുക്കപ്പേരായാണ് അയ്യമ്പുഴ പദ്ധതിക്ക് 'ഗിഫ്റ്റ് സിറ്റി' എന്ന് നേരത്തേ നാമകരണം ചെയ്തത്. ഇതിന്റെ സ്ഥലമെടുപ്പിനും മറ്റുമായി സംസ്ഥാന സർക്കാർ 850 കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണം കൈമാറിയില്ല. അയ്യമ്പുഴ വില്ലേജിൽ 400 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാൻ നിശ്ചയിച്ചത്. എന്നാൽ പദ്ധതിക്ക് അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്രം ഇതുവരെ തീരുമാനം അറിയിച്ചിട്ടുമില്ല. അതിനിടെ, രാജ്യത്തെ ആദ്യ സ്മാർട്ട് സിറ്റിയും ആഗോള സാമ്പത്തിക ഹബ്ബും ആയി 'ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്' (ഗിഫ്റ്റ്) എന്ന ഗുജറാത്ത് സംസ്ഥാനത്തിന്റെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുകയും ചെയ്തു.
സംസ്ഥാനത്തിന്റെ പ്രതീക്ഷ
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി അങ്കമാലി അയ്യമ്പുഴയിലെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയും.
അയ്യമ്പുഴയെ പരിസ്ഥിതി സൗഹൃദ നോൺ മാനുഫാക്ചറിംഗ് ക്ലസ്റ്റർ ആയും പ്രധാന ബിസിനസ് സെന്ററായും വികസിപ്പിക്കാനാകും.