കൊച്ചി: കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക രംഗത്ത് ശ്രദ്ധേയരായ വനിതകളെ ഉൾപ്പെടുത്തി കൊച്ചി യൂണിറ്റ് പ്രസിദ്ധീകരിച്ച '113അമേസിംഗ് വിമൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും വനിതാ കോൺക്ലേവും നാരീശക്തിയുടെ സംഗമവേദിയായി.
പാലാരിവട്ടം ഹോട്ടൽ റിനൈയിൽ നടന്ന ചടങ്ങിൽ നിശ്ചയദാർഢ്യവും കഠിന പരിശ്രമവും കൊണ്ടും സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും കുടുംബാംഗങ്ങളും പങ്കെടുത്തു.
'വനിതാശാക്തീകരണം പുതിയ സാദ്ധ്യതകൾ, അവസരങ്ങൾ' എന്ന കോൺക്ലേവിൽ സംരംഭകത്വത്തിലൂടെ ജീവിതവിജയം കരസ്ഥമാക്കിയ പ്രമുഖ വനിതകൾ മനസ് തുറന്നു. സമൂഹത്തിന്റെ സഹാനുഭൂതിയും കാരുണ്യവുമല്ല, കഴിവുകളെ അംഗീകരിക്കാനുള്ള മനോഭാവമാണ് ഇന്നത്തെ സ്ത്രീകൾക്ക് ആവശ്യമെന്ന് കോൺക്ലേവിൽ അഭിപ്രായമുയർന്നു.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുമ്പോട്ടുവരുന്നവരെ പരിഹസിച്ച് പിന്തിരിപ്പിക്കാനുള്ള പ്രവണതയാണ് സമൂഹത്തിലുള്ളത്. എന്നാൽ നിരുത്സാഹപ്പെടുത്തലുകളെ അതിജീവിച്ച് മാതൃക സൃഷ്ടിച്ചവരാണ് അമേസിംഗ് വിമൻ. അടിവസ്ത്ര നിർമ്മാണ വിതരണ മേഖലയിൽ 140കോടി രൂപയുടെ ടേൺഓവറുമായി കേരളത്തിലെ മുൻനിര സംരംഭകയായിമാറിയ ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ അനുഭസാക്ഷ്യം കോൺക്ലേവിലെ ചർച്ചകൾക്ക് ആവേശം പകർന്നു.
സമ്പന്ന കുടുംബത്തിലെ വീട്ടമ്മ അടിവസ്ത്രവ്യാപാരം തുടങ്ങിയെന്ന് ആക്ഷേപിച്ചവരുടെ മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ പിന്തിരിഞ്ഞോടിയിരുന്നുവെങ്കിൽ ഇന്ന് 900ൽപ്പരം സ്ത്രീകൾക്ക് സ്ഥിരം ജോലിനൽകുന്ന വീസ്റ്റാർ എന്ന സ്ഥാപനം കെട്ടിപ്പടുക്കാനാകുമായിരുന്നില്ലെന്ന് അവർ പറഞ്ഞു.
ഏതെങ്കിലുമൊരു സ്ഥാപനത്തിൽ നല്ലൊരു ജോലി മോഹിച്ച് എം.ബി.എ പാസായശേഷം ഭർത്താവിന്റെ നിർബന്ധത്താൽ സംരംഭകയായി മാറിയ ജീവിതാനുഭവുമായി പ്രീതി പറക്കാട്ടും കണ്ണൂരിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച പെൺകുട്ടിയിൽ നിന്ന് 7 ശാഖകളും നൂറുകണക്കിന് ജീവനക്കാരുമുള്ള സൺറൈസ് ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ പദവിയിലേക്കുയർന്ന പർവീൺ ഹഫീസും നഴ്സ് ജോലി ഉപേക്ഷിച്ച് തന്നിൽ അന്തർലീനമായിട്ടുള്ള ചുവർ ചിത്രകലയിൽ അവസരം കണ്ടെത്തിയ അനു അമൃതയും അനുഭവങ്ങൾ പങ്കുവച്ചു.