കൊച്ചി: പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ വിശ്വകർമ്മ സമുദായാംഗത്തെ സ്ഥാനാർത്ഥിയാക്കാൻ മുന്നണികൾ തയ്യാറാകണമെന്ന് കൊച്ചിയിൽ ചേർന്ന വിശ്വകർമ്മ ഐക്യവേദി നേതൃയോഗം ആവശ്യപ്പെട്ടു .

13, 14, 15 നിയമസഭകളിൽ വിശ്വകർമ്മ സമുദായ പ്രാതിനിദ്ധ്യം ഉണ്ടായില്ല. സമുദായത്തെ ബാധിക്കുന്ന ഒരു വിഷയവും നിയമസഭയിൽ ഇക്കാലത്ത് ചർച്ച ചെയ്തിട്ടില്ല.

സ്ഥാനാർത്ഥി നിർണയത്തിൽ വിശ്വകർമ്മജർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾ തഴയപ്പെടുന്നതു മൂലം അധികാരവും സമ്പത്തും ചില വിഭാഗങ്ങളിൽ കേന്ദ്രീകരിക്കുകയാണെന്നും യോഗം ആരോപിച്ചു.

ജനറൽ കൺവീനർ ടി.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. സതീഷ് ടി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി കെ.കെ. ചന്ദ്രൻ, കെ.കെ. വേണു, ടി.പി.സജീവ്, ഉമേഷ്‌ കുമാർ, വിഷ്ണുഹരി, ജയേഷ് തുടങ്ങിയവർ സംസാരിച്ചു.