k

കൊച്ചി: സഭാ തലവന്മാർക്കെതിരായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പരാമർശത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രതിഷേധിച്ചു. രാഷ്ട്രീയനേട്ടത്തിനായി ക്രൈസ്തവസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് സമിതി ജാഗ്രത കമ്മിഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മതമേലദ്ധ്യക്ഷരുടെ വാക്കുകൾ തള്ളിക്കളഞ്ഞ് വിശ്വാസികൾ ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നാണ് സുരേന്ദ്രൻ അവകാശപ്പെട്ടത്. മുൻ കേന്ദ്രമന്ത്രിമാർ സഹായിച്ചിട്ടും സഭാനേതൃത്വം എതിർ പ്രചാരണം നടത്തിയെന്നും ആരോപിച്ചു. കേന്ദ്രമന്ത്രിമാർ കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തുന്ന ഇടപെടലുകൾ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണെന്ന സൂചന സുരേന്ദ്രന്റെ വാക്കുകളിലുണ്ട്.ക്രൈസ്തവർക്ക് കൂടുതൽ പരിഗണന നൽകണമെന്ന സുരേന്ദ്രന്റെ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. അനർഹമോ നിയമവിരുദ്ധമോ വഴിവിട്ടതോ ആയ സഹായങ്ങൾ മതത്തിന്റെ പേരിലോ വർഗത്തിന്റെ പേരിലോ ഉണ്ടാകരുതെന്ന് കമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.