നെടുമ്പാശേരി: ദേശീയപാത അത്താണിയിൽ നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കാരത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പോരായ്മകൾ കണ്ടെത്തി അടിയന്തിര പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് അൻവർസാദത്ത് എം.എൽ.എ, ജോ.ആർ.ടി.ഒയോടും നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടറോടും നിർദ്ദേശിച്ചു. അങ്കമാലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെങ്ങമനാട് ഭാഗത്തേക്ക് തിരിയേണ്ട വീപ്പ സ്ഥാപിച്ച് തിരിച്ച ട്രാക്കിൽ കയറേണ്ടി വരുന്നു, അത്താണി അസീസി സ്കൂളിലേക്കും മറ്റും വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ റോഡ് മുറിച്ച് കടക്കാൻ ക്ളേശിക്കുന്നു, പുതിയ പരിഷ്കാരത്തിന് ശേഷം അപകടങ്ങളുണ്ടാകുന്നു എന്നിവയാണ് പ്രധാന പരാതികൾ. ഈ സാഹചര്യത്തിൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്നാണ് എം.എൽ.എ നിർദ്ദേശിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നേരിട്ട് കണ്ട് പ്രശ്നം ബോധ്യപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.