അങ്കമാലി: വൻകുടൽ പിരിഞ്ഞതിനെ തുടർന്ന് നാല് ദിവസത്തോളം ആഹാരവും ജലപാനവുമില്ലാതെ മരണത്തോടടുത്ത പശുവിന് അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവൻ. പാറക്കടവ് പഞ്ചായത്തിലെ എളവൂരിലെ യുവ ക്ഷീരകർഷകനായ രാഹുലിന്റെ പശുവിനാണ് പുതുജീവൻ ലഭിച്ചത്. ആഹാരം കഴിക്കാതെയായത് മുതൽ വെറ്ററിനറി ഡോക്ടറെ വിളിച്ച പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ആരോഗ്യനിലയിൽ പുരോഗമനമുണ്ടായില്ല. തുടർന്ന് കൊരട്ടി സ്വദേശി വെറ്ററിനറി സർജൻ ഡോക്ടർ പി.എസ് അഭിലാഷ് നടത്തിയ സൂക്ഷ്മ പരിശോധനയിലും അൾട്രാ സൗണ്ട് സ്കാനിംഗിലുമാണ് പശുവിന്റെ വൻകുടൽ പിരിഞ്ഞുപോയതായി സ്ഥിരീകരിച്ചത്. പശുവിനെ രക്ഷിക്കാനായി നടത്തേണ്ട ശസ്ത്രക്രിയയുടെ സങ്കീർണതകളെക്കുറിച്ചും സാമ്പത്തിക ചെലവിനെക്കുറിച്ചും ഡോക്ടർ വിവരിച്ചെങ്കിലും കൈവിടുവാൻ രാഹുൽ ഒരുക്കമല്ലായിരുന്നു. ഇതോടെ ഡോ. അഭിലാഷും ചാലക്കുടി സ്വദേശി ഡോ. അരവിന്ദ് കെ. ഉണ്ണിയും നടത്തിയ ശസ്ത്രക്രിയയിൽ ജീർണാവസ്ഥയിലായിരുന്ന വൻകുടലിന്റെ ഭാഗം നീക്കം ചെയ്തു. പശു സുഖം പ്രാപിച്ചു വരികയാണ്. ഏഴു കൊല്ലത്തോളമായി ക്ഷീര കർഷക വൃത്തിയിൽ തുടരുന്ന 8 പശുക്കളെ പരിചരിക്കുന്നുണ്ട് . ഭാര്യ അഞ്ജുവും കൂടെ ഉണ്ട്.
ശസ്ത്രക്രിയയുടെ വിജയത്തിലുപരി രാഹുലും കുടുംബാംഗങ്ങളും പശുവിന് നൽകിയ സ്നേഹവും പരിചരണവുമാണ് പശുവിന് ജീവൻ തിരികെ നല്‍കിയത്
ഡോ. പി.എസ് അഭിലാഷ്
വെറ്ററിനറി സർജൻ