കൊച്ചി: കേരളകൗമുദി പാലാരിവട്ടം ഹോട്ടൽ റിനൈയിൽ സംഘടിപ്പിച്ച '113അമേസിംഗ് വിമൻ' പുസ്തക പ്രകാശനച്ചടങ്ങിൽ അമ്മമാരോടുള്ള ആദര സൂചകമായി കാലടി സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ മാതൃവന്ദനം നടത്തി.
ശാന്തികേന്ദ്രത്തിലെ അന്തേവാസിയായ ഇന്ദിരാമ്മയെ വേദിയിലെ പീഠത്തിൽ ഇരുത്തി പൊന്നാട അണിയിച്ചശേഷം കാൽകഴുകി പുഷ്പങ്ങൾ അർപ്പിച്ച് പാദവന്ദനം നടത്തിയായിരുന്നു ആദരിക്കൽ. കോട്ടയം സ്വദേശിയാണ് ഇന്ദിരാമ്മ. ഭർത്താവ് മോഹനചന്ദ്രൻ നായരും ശാന്തികേന്ദ്രത്തിലെ അന്തേവാസിയാണ്. പുസ്തകപ്രകാശന ചടങ്ങിലും വനിത കോൺക്ലേവിലും പങ്കെടുത്തവരും പങ്കെടുക്കാൻ സാധിക്കാത്തവരുമായ എല്ലാ അമ്മമാരോടുമുള്ള ആദരവാണ് മാതൃവന്ദനത്തിലൂടെ പ്രകടിപ്പിച്ചതെന്നും ശ്രീനിവാസൻ പറഞ്ഞു.