മൂവാറ്റുപുഴ: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വില്പനയ്ക്കും എതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാരുടെ നിവേദനം. ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിലെ 300 ഓളം അമ്മമാരാണ് തങ്ങൾ ഭീതിയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് കാണിച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എക്ക് നിവേദനം നൽകിയത്. നിവേദനം എം.എൽ.എ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന് ഇന്നലെ സമർപ്പിച്ചു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട ഒരു സാധാരണ വിഷയമായി ഇതിനെ കാണരുതെന്ന് നിവേദനത്തിന് ഒപ്പം നൽകിയ കത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. സ്കൂൾ കുട്ടികളെയും കോളേജ് വിദ്യാർഥികളെയും പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനും വിധേയരാക്കുകയാണ് ലഹരിമാഫിയ. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
ലഹരിമാഫിയയെ പേടിച്ച് ജനം
തോട്ടാഞ്ചേരി പ്രദേശത്തെ തങ്ങളുടെ മക്കളും ചെറുമക്കളും ലഹരിയുടെയും ലഹരി മാഫിയയുടെയും അടിമയാകുന്നതും അക്രമങ്ങളിൽ ഏർപ്പെടുന്നതും പതിവായതോടെയാണ് അമ്മമാർ എം.എൽ.എയെ സമീപിച്ചത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ബാറിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. തോട്ടാഞ്ചേരി പ്രദേശത്തെ ലഹരി മാഫിയയുടെ കണ്ണികളായ ഏതാനും യുവാക്കൾ സംഭവത്തിൽ പ്രതികളായിരുന്നു. ഇവിടെ വ്യാപകമായ ലഹരി ഉപയോഗവും വില്പനയും നടക്കുന്നതായി നിവേദനത്തിൽ ഒപ്പിട്ട അമ്മമാർ എം.എൽ.എയോട് പറഞ്ഞു. ലഹരി ഉപയോഗം മൂലമുള്ള അക്രമണങ്ങൾ നിസ്സഹായതയോടെ കാണേണ്ടിവരുന്ന സാഹചര്യത്തിലാണ് പരിഹാരനടപടി ആവശ്യപ്പെട്ട് സ്ഥലം ജനപ്രതിനിധിയെ സമീപിച്ചത്.
ഏത് നിമിഷവും ലഹരി മാഫിയയാൽ ആക്രമിക്കപ്പെടാം എന്ന ഭീതി കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ലഹരി വില്പനയെ എതിർക്കുന്നവർക്ക് ഭീഷണിയുണ്ട്.
ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ