കോലഞ്ചേരി: കടയിരുപ്പിൽനിന്ന് കാണാതായ ഓട്ടോഡ്രൈവറെ ആലുവ ഈസ്റ്റ് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കടയിരുപ്പ് എഴിപ്രം ചാമമലയിൽ സി. എസ്. ഷാജീവിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മരണവിവരം അറിയുന്നത്.
കഴിഞ്ഞ 27നാണ് റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിൽ മരിച്ചുകിടക്കുന്ന ഷാജീവിന്റെ ഫോട്ടോ ആലുവ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വിവരം പുത്തൻകുരിശ് പൊലീസ് അറിയുന്നത് 30നാണ്. ഉടനെ വീട്ടുകാരെ സ്ഥലത്തെത്തിച്ച് ആളെ തിരിച്ചറിഞ്ഞു. ഷാജീവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാജീവിന്റെ സുഹൃത്തക്കളെ പൊലീസ് ചോദ്യംചെയ്തിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കാക്കനാട് ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: സുനിത, മക്കൾ: അർച്ചന, അനുപമ, ആരോമൽ.