t
ശിവാനന്ദപുരം കണ്ടനാട് SNDP ശാഖയുടെ പഴയ ക്ഷേത്രം

ചോറ്റാനിക്കര: കണ്ടനാട് ശിവാനന്ദപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സാമ്പത്തിക പരാധീനതമൂലം നീളുന്നു. ആദ്യകാലത്ത് ഭദ്രകാളി ക്ഷേത്രമായിരുന്നു. അന്ന് കാടുപിടിച്ചു കിടന്നിരുന്ന പ്രദേശമായിരുന്നു. ജനവാസവും വളരെ കുറവ്. കുത്തുകല്ലിങ്കൽ കുടുംബക്കാർ ആരാധിച്ചിരുന്ന സുബ്രഹ്മണ്യസ്വാമിയും ക്ഷേത്രത്തിന്റെ ഭാഗമായപ്പോൾ ക്ഷേത്രം സുബ്രഹ്മണ്യ ക്ഷേത്രം എന്ന പേരിൽ പിന്നീട് അറിയപ്പെടുകയായിരുന്നു.

95 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം ചോർന്നൊലിച്ചപ്പോൾ 2020ൽ അഷ്ടമംഗല്യ വിധിപ്രകാരം പുതുക്കിപ്പണിയാൻ തീരുമാനിച്ചു. കണ്ടനാട് 690-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള 178 കുടുംബങ്ങൾ ഇരുപത്തയ്യായിരം രൂപ ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ തീരുമാനിച്ചുവെങ്കിലും കൊവിഡ് കാരണം ക്ഷേത്രനിർമ്മാണം നിലച്ചു. സാമ്പത്തികമായി സഹായിക്കാമെന്നേറ്റവർ ദുരിതത്തിലായപ്പോൾ ക്ഷേത്ര നിർമ്മാണം പാതിവഴിയിൽ നിലച്ചു. ക്ഷേത്രം പൊളിച്ച് നാലുവർഷം കഴിഞ്ഞിട്ടും ക്ഷേത്രനിർമ്മാണം പൂർത്തിയാകാത്തതിനെത്തുടർന്ന് ശാഖയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തെങ്കിലും സാമ്പത്തിക സഹായം പ്രതീക്ഷിച്ച രീതിയിൽ എത്തിയില്ല.

h
നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന ശിവാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം

ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെങ്കിൽ 40 ലക്ഷത്തോളം രൂപ ആവശ്യമാണ്. ക്ഷേത്രത്തിന്റെ ചുറ്റമ്പലം, തിടപ്പള്ളി, ഉപദേവതാ ക്ഷേത്രങ്ങൾ, വാതിലുകൾ അതോടൊപ്പം ഗുരുദേവ ക്ഷേത്രവും പൂർത്തീകരിക്കണം. പ്രമോദ് ക്ഷേത്രംതന്ത്രിയും മനു മേൽശാന്തിയുമാണ്. ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സെക്രട്ടറി വി.ആർ. പ്രദീപും പ്രസിഡന്റ് എ.കെ. മോഹനനും അറിയിച്ചു.